കറാച്ചി ടെസ്റ്റില്‍ കസുന്‍ രജിത ഇല്ല

റാവല്‍പിണ്ടി ടെസ്റ്റിന്റെ അവസാന ദിവസം പരിക്കേറ്റ ശ്രീലങ്കന്‍ പേസര്‍ കസുന്‍ രജിത കറാച്ചിയിലെ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്. ഡിസംബര്‍ 19 വ്യാഴാഴ്ചയാണ് ടെസ്റ്റ് ആരംഭിക്കുന്നത്. റാവല്‍പിണ്ടിയിലെ ആദ്യ ടെസ്റ്റില്‍ മഴ മേല്‍ക്കൈ നേടിയപ്പോള്‍ ഒന്നാം ദിവസവും അവസാന ദിവസവും മാത്രമാണ് കളി നടന്നത്. പകരം താരത്തിനെ ശ്രീലങ്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇനി ടെസറ്റ് മത്സരങ്ങള്‍ ഇല്ല എന്നതിനാല്‍ പകരം താരത്തെ പാക്കിസ്ഥാനിലേക്ക് എത്തിക്കുവാന്‍ ശ്രീലങ്ക ശ്രമിച്ചേക്കില്ല.

നേരത്തെ ഡെങ്കിപ്പനി കാരണം ശ്രീലങ്കയ്ക്ക് സുരംഗ ലക്മലിന്റെ സേവനം നഷ്ടമായിരുന്നു. വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമര എന്നിവര്‍ക്കൊപ്പം അസിത ഫെര്‍ണാണ്ടോയ്ക്ക് ടീം അവസരം നല്‍കുവാന്‍ സാധ്യതയുണ്ട്. അല്ലാത്ത പക്ഷം അധിക സ്പിന്നര്‍മാരായി ലസിത് എംബുല്‍ദേനിയ, ലക്ഷന്‍ സണ്ടകന്‍ എന്നിവരില്‍ ആരെയെങ്കിലും കളിപ്പിക്കുവാനും സാധ്യതയുണ്ട്.