കരുണാരത്നേ ഏകനായ പോരാളി, ഒന്നാം ദിവസം ഓള്‍ഔട്ടായി ലങ്ക

- Advertisement -

ദിമുത് കരുണാരത്നേയുടെ മികച്ച ശതകമുണ്ടായിട്ടും മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 287 റണ്‍സില്‍ അവസാനിച്ചു. കാഗിസോ റബാഡയും തബ്രൈസ് ഷംസിയും ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കിയ ഗോള്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രീലങ്കയുടെ ഒറ്റയാള്‍ ചെറുത്ത് നില്പായി മാറുകയായിരുന്നു കരുണാരത്നേ.

222 പന്തില്‍ നിന്ന് 158 റണ്‍സുമായി ഈ ലങ്കന്‍ ഓപ്പണര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. തന്റെ അമ്പതാം ടെസ്റ്റ് മത്സരത്തിനു ഇറങ്ങിയ ദിമുത് തന്റെ എട്ടാം ശതകമാണ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തമാക്കിയത്.

78.4 ഓവറുകളാണ് ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് നീണ്ട് നിന്നത്. ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കുകയെന്ന ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ക്ക് വിലങ്ങു തടിയായി അവസാന വിക്കറ്റ് കൂട്ടുകെട്ട് മാറിയപ്പോള്‍ ഏറെ നേരം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അസ്വസ്ഥരായി കാണപ്പെട്ടു. ഡീന്‍ എല്‍ഗാറിനെ വരെ പന്തേല്പിച്ച് പരീക്ഷണം നടത്തിയ ഫാഫ് ഡു പ്ലെസിയ്ക്ക് ഷംസിയാണ് വിക്കറ്റ് നേടിക്കൊടുത്തത്.

25 റണ്‍സ് നേടിയ സണ്ടകനെ ഡിക്കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ 287 റണ്‍സില്‍ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു.  അവസാന വിക്കറ്റില്‍ ലക്ഷന്‍ സണ്ടകനുമായി ചേര്‍ന്ന് ദിമുത് കരുണാരത്നേയുടെ ചെറുത്ത് നില്പാണ് ദക്ഷിണാഫ്രിക്കയുടെ  ഓള്‍ഔട്ട് സ്വപ്നങ്ങളെ ദൈര്‍ഘിപ്പിച്ചത്.

229/9 എന്ന സ്കോറില്‍ ഒത്തുകൂടിയ കൂട്ടുകെട്ട് അവസാന വിക്കറ്റില്‍  58റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു ഘട്ടത്തില്‍164/7 എന്ന നിലയില്‍ നാണംകെട്ട് പുറത്താകുമെന്ന നിലയില്‍ നിന്ന് ലങ്കയെ രക്ഷിച്ചത് കരുണാരത്നേയ്ക്കൊപ്പം പിടിച്ച് നിന്ന വാലറ്റത്തിന്റെ പ്രകടനമാണ്. സുരംഗ ലക്മല്‍ 40 പന്തും ലക്ഷന്‍ സണ്ടകന്‍ 55 പന്തുമാണ് നേരിട്ടത്. ലക്മല്‍ പത്ത് റണ്‍സ് നേടി റബാഡയുടെ പന്തില്‍ പുറത്തായി.

ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ നാലും തബ്രൈസ് ഷംസി മൂന്നും വിക്കറ്റ് നേടി. വെറോണ്‍ ഫിലാന്‍ഡറും ഡെയില്‍ സ്റ്റെയിനുമാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റാണ് നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി രംഗന ഹെരാത്താണ് വിക്കറ്റിനുടമ. ഒരു വിക്കറ്റ് നഷ്ടത്തില്‍ 4 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയിട്ടുള്ളത്. ഡീന്‍ എല്‍ഗാര്‍(4*), കേശവ് മഹാരാജ്(0*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement