കറാച്ചിയില്‍ പാക്കിസ്ഥാന്‍ വിജയത്തിനരികെ, ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് ശതകം

കറാച്ചി ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികിലെത്തി പാക്കിസ്ഥാന്‍. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 555/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാന്‍ ശ്രീലങ്കയുടെഏഴ് വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. മത്സരം ജയിക്കുവാന്‍ 264 റണ്‍സ് കൂടി ശ്രീലങ്ക നേടുവാനുണ്ട്. 212 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ ടീമിന്റെ സ്കോര്‍.

102 റണ്‍സുമായി നില്‍ക്കുന്ന ഒഷാഡ ഫെര്‍ണാണ്ടോയാണ് ശ്രീലങ്കന്‍ നിരയിലെ ഏക ആശ്വാസം. 97/5 എന്ന നിലയിലേക്ക് വീണ ടീമിനെ നിരോഷന്‍ ഡിക്ക്വെല്ല-ഒഷാഡ ഫെര്‍ണാണ്ടോ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ 104 റണ്‍സ് കൂട്ടുകെട്ട് മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ ഡിക്ക്വെല്ലയുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായി. 65 റണ്‍സാണ് താരം നേടിയത്. പാക്കിസ്ഥാന് വേണ്ടി നസീം ഷാ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ഷാന്‍ മക്സൂദിനും ആബിദ് അലിയ്ക്കും പിന്നാലെ അസ്ഹര്‍ അലിയും ബാബര്‍ അസവും ശതകം നേടിയാണ് പാക്കിസ്ഥാനെ 555 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. അസ്ഹര്‍ അലി 118 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാബര്‍ അസം 100 റണ്‍സ് നേടി.