ഏകദിന ലോകകപ്പ് ടീമിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ഉൾപ്പെടുത്താൻ ന്യൂസിലൻഡ് ശ്രമിക്കും. ഇപ്പോഴും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എങ്കിലും ലോകകപ്പ് ടീം പ്രഖ്യാപിക്കേണ്ട അവസാന ദിവസം വരെ കെയ്ൻ വില്യംസണായി ന്യൂസിലൻഡ് കാത്തു നിൽക്കും. അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്ത് ലോകകപ്പിന് ഉണ്ടാകും എന്ന് ഇപ്പോഴും പ്രതീക്ഷയിലാണ് എന്ന് ന്യൂസിലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് പറയുന്നു.
ഐപിഎൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് 5 മാസത്തോളമായി കെയ്ൻ വില്യംസൺ കളത്തിൽ നിന്ന് പുറത്താണ്. എസിഎൽ ഇഞ്ച്വറി ആയതിനാൽ വില്യംസൺ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം പരിശീലനത്തിൽ തിരിച്ചെത്തിയത്.
“ഞങ്ങൾക്ക് ഇപ്പോൾ മുതൽ രണ്ടാഴ്ചയോളം സമയമുണ്ട്, ഞങ്ങൾ ടീം സമർപ്പിക്കേണ്ട സമയം വരെ നോക്കും” സ്റ്റെഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞങ്ങൾ കെയ്നിന് എല്ലാ അവസരങ്ങളും നൽകാൻ തയ്യാറാണ്, അവൻ വീണ്ടും നെറ്റ്സിൽ ബാറ്റ് ചെയ്യുന്നു. നല്ല പുരോഗമം അദ്ദേഹത്തിന് ഉണ്ട്.” സ്റ്റെഡ് കൂട്ടിച്ചേർത്തു.