ഫ്ലാറ്റ് വിക്കറ്റുകളല്ല വേണ്ടത്, ക്യുറേറ്റര്‍മാരോട് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ജസ്റ്റിന്‍ ലാംഗര്‍

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അപ്രവചനീയമായ ബൗണ്‍സ് മൂലം കളി ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ക്യുറേറ്റര്‍മാരോട് തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രശ്നം ഫ്ലാറ്റ് പിച്ചുകളാണെന്നാണ് ലാംഗര്‍ പറയുന്നത്.

ഷെഫീല്‍ഡ് ഷീല്‍ഡില്‍ വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലെ ഒരു ദിവസത്തെ കളി അപകടകരമായ വിക്കറ്റ് മൂലം ഉപേക്ഷിച്ചിരുന്നു.

വര്‍ഷങ്ങളായി ഫ്ലാറ്റ് വിക്കറ്റുകള്‍ മൂലം അന്താരാഷ്ട്ര ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ്സിലും പഴി കേള്‍ക്കുന്ന ഗ്രൗണ്ടാണ് മെല്‍ബേണ്‍ ക്രിക്കറ്റ്, എന്നാല്‍ ഇത്തവണ അത് അപകടകരമായ പിച്ച് കാരണം ആവുകയായിരുന്നു.

ഐസിസി മുമ്പ് മോശം പിച്ചെന്ന് മെല്‍ബേണിലെ പിച്ചിനെ വിലയിരുത്തിയിട്ടുണ്ട്, അതിന് ശേഷമാണ് ഗ്രൗണ്ട്സ്മാന്മാര്‍ പിച്ച് മെച്ചപ്പടുത്തുവാനായി ശ്രമം തുടങ്ങിയത്.

ബൗളര്‍മാര്‍ക്കും തുല്യ അവസരങ്ങളുള്ള പിച്ചാണ് ആവശ്യമെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ പറയുന്നത്. ആര്‍ക്കും ഫ്ലാറ്റ് വിക്കറ്റുകളിലെ ക്രിക്കറ്റ് കാണുവാന്‍ ആഗ്രഹമില്ലെന്നും ലാംഗര്‍ പറഞ്ഞു.