ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായകന്‍

ഓയിന്‍ മോര്‍ഗന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നാലെ ജോസ് ബട്‍ലറെ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് നായകനാക്കി പ്രഖ്യാപിച്ചു. മുമ്പ് 9 ഏകദിനങ്ങളിും 5 ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ ജോസ് ബട്‍ലര്‍ നയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള ടി20 – ഏകദിന പരമ്പരകളാണ് ജോസ് ബട്‍ലറുടെ ക്യാപ്റ്റനെന്ന നിലയിലുള്ള ആദ്യ പരീക്ഷണം. ഇതിനായുള്ള സ്ക്വാഡുകള്‍ ഇംഗ്ലണ്ട് ബോര്‍ഡ് നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷമായിട്ടുള്ള ഓയിന്‍ മോര്‍ഗന്റെ മികവാര്‍ന്ന ക്യാപ്റ്റന്‍സിയ്ക്ക് തന്റെ നന്ദി അറിയിക്കുന്നുവെന്ന് പ്രഖ്യാപത്തിന് ശേഷമുള്ള ആദ്യ പ്രതികരണമായി ബട്‍ലര്‍ പറഞ്ഞു. താരം ഏവര്‍ക്കും ആത്മവിശ്വാസവും പ്രഛോദനവും നൽകുന്ന താരമായിരുന്നുവെന്നും ജോസ് ബട്‍ലര്‍ വ്യക്തമാക്കി.

താന്‍ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തിൽ നിന്ന് പഠിച്ചിട്ടുണ്ടെന്നും അത് തനിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്നും ബട്‍ലര്‍ വ്യക്തമാക്കി.