ഇംഗ്ലണ്ടിന് ആശ്വാസം, പരിശീലനം പുനരാരംഭിച്ച് ജോ റൂട്ട്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ടിന് സന്തോഷ വാർത്ത. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ജോ റൂട്ട് പരിശീലനം ആരംഭിച്ചു. വയറിന് സുഖമില്ലാതിരുന്നതിനെ തുടർന്ന് ജോ റൂട്ട് ഇതുവരെ പരിശീലനം നടത്തിയിരുന്നില്ല. പരിക്കും താരങ്ങളുടെ അസുഖവും മൂലം പ്രതിസന്ധിയിലായ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ തിരിച്ചുവരവ് ആത്മവിശ്വാസം നൽകും. ഇംഗ്ലണ്ട് താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം 17 താരങ്ങൾക്ക് പരമ്പരക്കിടെ അസുഖം ബാധിച്ചിരുന്നു.

കൂടാതെ കഴിഞ്ഞ ടെസ്റ്റിൽ പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ജെയിംസ് ആൻഡേഴ്സണ് പകരം ജോഫ്രെ ആർച്ചർ ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്. ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക 107 റൺസിന് വിജയിച്ചപ്പോൾ രണ്ടാമത്തെ ടെസ്റ്റ് 189 റൺസിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം വ്യാഴാഴ്ച നടക്കും.