കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ജോ ബേണ്‍സിനും ട്രാവിസ് ഹെഡിനും ശതകം

കാന്‍ബറയില്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ. ജോ ബേണ്‍സും ട്രാവിസ് ഹെഡും ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 384/4 എന്ന അതിശക്തമായ നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്കായി 172 റണ്‍സുമായി ജോ ബേണ്‍സും 25 റണ്‍സ് നേടി കര്‍ട്ടിസ് പാറ്റേര്‍സണും ആണ് ക്രീസില്‍ നില്‍ക്കുന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റ് നേടി.

തുടക്കം പാളിയെങ്കിലും പിന്നീട് മത്സരത്തില്‍ ഓസ്ട്രേലിയ പിടിമുറുക്കുന്നതാണ് കണ്ടത്. 28/3 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ നാലാം വിക്കറ്റില്‍ 308 റണ്‍സ് നേടി ഹെഡ്-ബേണ്‍സ് കൂട്ടുകെട്ട് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 161 റണ്‍സാണ് ട്രാവിസ് ഹെഡ് നേടിയത്. ദിമുത് കരുണാരത്നേയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.