ഹാട്രിക്ക് ഹോള്‍ഡര്‍!!! 17 റൺസ് വിജയവും പരമ്പരയും സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്

ആവേശകരമായ അഞ്ചാം ടി20യിൽ വെസ്റ്റിന്‍ഡീസിന് 17 റൺസ് വിജയം. ഇതോടെ 3-2ന് ടീം പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിന്‍ഡീസ് 179/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 162 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 25 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ പൊള്ളാര്‍ഡും 17 പന്തിൽ 35 റൺസുമായി അപരാജിതനായി നിന്ന റോവ്മന്‍ പവലും ആണ് വിന്‍ഡീസിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ബ്രണ്ടന്‍ കിംഗ്(34), കൈൽ മയേഴ്സ്(31) എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ലിയാം ലിവിംഗ്സ്റ്റണും ആദിൽ റഷീദും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറിലെ ഹാട്രിക്ക് നേട്ടം ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേട്ടവും നാല് വിക്കറ്റ് നേടിയ അകീൽ ഹൊസൈനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഹോള്‍ഡര്‍ ടി20യിൽ ഹാട്രിക്ക് നേടുന്ന ആദ്യ വിന്‍ഡീസ് താരമായി.

55 റൺസ് നേടിയ ജെയിംസ് വിന്‍സും 41 റൺസുമായി സാം ബില്ലിംഗ്സുമാണ് ഇംഗ്ലണ്ടിനായി റൺസ് കണ്ടെത്തിയത്.