മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ റോഡപകടത്തെത്തുടര്‍ന്ന് അതീവ ഗുരുതര നിലയിലായി തുടരുന്നു. ചികിത്സ ചിലവുകള്‍ വഹിക്കാനാകാതെ കുടുംബം ക്രിക്കറ്റ് സമൂഹത്തോട് സഹായം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസമാണ് മാര്‍ട്ടിനു റോഡപകടത്തില്‍ പരിക്കേറ്റത്. 2001ല്‍ ബറോഡയെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ച താരം ഡിസംബര്‍ 28നാണ് അപകടത്തില്‍ പെട്ടത്. വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്റതില്‍ തുടരുന്ന താരത്തിന്റെ കരളിനും ശ്വാസകോശത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്.
ബിസിസിഐ അഞ്ച് ലക്ഷവും ബറോഡ ക്രിക്കറ്റ് അസോസ്സിയേഷന്‍ മൂന്ന് ലക്ഷവും സഹായമായി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സഞ്ജയ് പട്ടേല്‍, താരത്തിന്റെ കുടുംബത്തിനു ഫണ്ട് സ്വരൂപിക്കുവാന്‍ സഹായം നല്‍കുവാമെന്നും ഏറ്റിട്ടുണ്ട്. ഒരു ഘട്ടത്തില്‍ 11 ലക്ഷത്തിനു മേല്‍ ബില്‍ കുടിശ്ശിക വന്നപ്പോള്‍ ആശുപത്രി സഹായം നിഷേധിച്ചിരുന്നുവെന്നും അതിനു ശേഷം ബിസിസിഐ പണം നല്‍കിയതോടെയാണ് കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലായതെന്നും സഞ്ജയ് പട്ടേല്‍ പറഞ്ഞു.