50 റണ്‍സിന്റെ വിജയ ലക്ഷ്യം അവസാന പന്തില്‍ മാത്രം നേടി ഐവിലയണ്‍സ്. ഇന്ന് എബിഎസ് ബ്ലാസ്റ്റേഴ്സിനെ 49 റണ്‍സിന് ഒതുക്കിയെങ്കിലും ലയണ്‍സിന്റെ ബാറ്റിംഗ് നിരയ്ക്ക് ഒരു ഘട്ടത്തില്‍ പതറിയെങ്കിലും അവസാനം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. അവസാന പന്തില്‍ ജയത്തിനായി ഒരു റണ്‍സ് നേടേണ്ടപ്പോള്‍ ബൗണ്ടറി പായിച്ചാണ് ജോണ്‍സണ്‍ വിജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത എബിഎസ് ബ്ലാസ്റ്റേഴ്സ് 7.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.
അഖില്‍(18), പ്രവീണ്‍ പി നായര്‍(14) എന്നിവര്‍ ടോപ് ഓര്‍ഡറില്‍ പൊരുതി നിന്ന് 34/1 എന്ന നിലയിലേക്ക് 4 ഓവിലെത്തിച്ചുവെങ്കിലും അവിടെ നിന്ന് ബ്ലാസ്റ്റേഴ്സ് നിര തകരുകയായിരുന്നു. അടുത്ത നാലോവറില്‍ വെറും 15 റണ്‍സ് നേടുന്നതിനിടെയാണ് എബിഎസിന്റെ 9 വിക്കറ്റുകള്‍ നഷ്ടമായത്. ടീമില്‍ ആറ് താരങ്ങള്‍ പൂജ്യത്തിനാണ് പുറത്തായത്. ഐവി ലയണ്‍സിന് വേണ്ടി ആനന്ദ്, അനീഷ് എന്നിവര്‍ മൂന്നും നിഷാന്ത് രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങി ഐവി ലയണ്‍സ് ഒരു ഘട്ടത്തില്‍ വിജയം കൈവിട്ടുവെന്ന് തോന്നിപ്പിച്ചുവെങ്കിലും ടീം അവസാന പന്തില്‍ വിജയം നേടുകയായിരുന്നു. 3 വിക്കറ്റ് വിജയം ടീമിനായി ഒരുക്കിയതില്‍ അനന്ദു(10), ആനന്ദ്(9) എന്നിവരുടെ ഇന്നിംഗ്സുകള്‍ നിര്‍ണ്ണായകമായി. ജയിക്കുവാന്‍ മൂന്ന് പന്തില്‍ ഒരു റണ്‍സെന്ന നിലയില്‍ രണ്ട് വിക്കറ്റുകള്‍ ലയണ്‍സ് കൈവിട്ടുവെങ്കിലും അവസാന പന്തില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ബൗണ്ടറി പായിച്ച ജോണ്‍സണ്‍ ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.
എബിഎസിന് വേണ്ടി ആല്‍ബിന്‍ മാര്‍ട്ടിന്‍ മാത്യുവും വിനീത് പി ജോസഫും രണ്ട് വീതം വിക്കറ്റ് നേടി.