അയര്‍ലണ്ടിന്റെ മാനം കാത്ത് അരങ്ങേറ്റക്കാരന്‍ കര്‍ടിസ് കാംഫര്‍

ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ആദ്യം അടിപതറിയെങ്കിലും ഭേദപ്പെട്ട തിരിച്ചുവരവ് നടത്തി അയര്‍ലണ്ട്. ഇന്ന് സൗത്താംപ്ടണിലെ ഏജീസ് ബൗളില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏറെ വൈകാതെ ഡേവിഡ് വില്ലിയുടെ ആദ്യ സ്പെല്ലില്‍ തന്നെ അടിപതറിയ അയര്‍ലണ്ട് ഏഴോവറില്‍ 28/5 എന്ന നിലയിലേക്ക് വീണു. 44.4 ഓവറില്‍ അയര്‍ലണ്ട് 172 റണ്‍സ് നേടി മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്.

ആദ്യം വീണ അഞ്ച് വിക്കറ്റില്‍ നാലും വീഴ്ത്തിയത് ഡേവിഡ് വില്ലിയായിരുന്നു. സാഖിബ് മഹമ്മൂദിന് ഒരു വിക്കറ്റും ലഭിച്ചു.ആദ്യ ഓവറില്‍ തന്നെ പോള്‍ സ്റ്റിര്‍ലിംഗിനെ നഷ്ടമായ സന്ദര്‍ശകര്‍ക്ക് പിന്നെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. ഓപ്പണ്‍ ഗാരത്ത് ഡെലാനി 16 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയെങ്കിലും അധികം വൈകാതെ താരവും പുറത്തായി.

ആറാം വിക്കറ്റില്‍ കെവിന്‍ ഒ ബ്രൈനും കര്‍ടിസ് കാംഫറും ചേര്‍ന്ന് നേടിയ 51 റണ്‍സ് കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 22 റണ്‍സ് നേടിയ കെവിനിനെ ആദില്‍ റഷീദ് പുറത്താക്കി.

എട്ടാം വിക്കറ്റില്‍ കര്‍ടിസും ആന്‍ഡി മക്ബ്രൈനും ചേര്‍ന്ന് നേടിയ 66 റണ്‍സ് അയര്‍ലണ്ടിനെ വീണ്ടും മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം തികയ്ക്കുവാനും കര്‍ടിസ് കാംഫെറിന് സാധിച്ചു. 103 പന്താണ് താരം തന്റെ അര്‍ദ്ധ ശതകത്തിനായി നേടിയത്. എന്നാല്‍ 28/5 എന്ന നിലയില്‍ നിന്ന് ടീമിനെ പിടിച്ച് കയറ്റുവാന്‍ ആ നങ്കൂരമിടല്‍ ഏറെ ആവശ്യമായിരുന്നു.

40 റണ്‍സ് നേടിയ മക്ബ്രൈന്‍ ടോം കറന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 48 പന്ത് നേരിട്ട താരം 4 ഫോറും ഒരു സിക്സും നേടി. അവസാന വിക്കറ്റില്‍ ക്രെയിഗ് യംഗുമായി(11) റണ്‍സ് കൂടി നേടുവാന്‍ കര്‍ടിസിന് സാധിക്കുകയായിരുന്നു. 59 റണ്‍സുമായി കര്‍ടിസ് കാംഫെര്‍ പുറത്താകാതെ നിന്നു.

ഇന്നിംഗ്സിലെ അവസാന വിക്കറ്റ് നേടി ഡേവിഡ് വില്ലി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.