ടി20 ചാമ്പ്യന്മാർക്കെതിരെ അട്ടിമറി വിജയം നേടി അയർലണ്ട്. ആവേശകരമായ മത്സരത്തിൽ 4 റൺസിനാണ് അയർലണ്ട് ടി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അയർലണ്ട് സ്റ്റെയർലിങ്ങിന്റെ റെക്കോർഡ് ബാറ്റിംഗ് മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ.
മത്സരത്തിൽ അയർലണ്ടിന് സ്വപ്‍ന സമാനമായ തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ തന്നെ സ്റ്റെയർലിങ്ങും ഒബ്രയാനും ചേർന്ന് 154 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 6.3 ഓവറിൽ 100 റൺസ് തികച്ച അയർലണ്ട് 12മത്തെ ഓവറിൽ 150 റൺസും എടുത്തു. തുടർന്ന് വെസ്റ്റിൻഡീസ് ബൗളർമാർ പിടിമുറുക്കിയതോടെ അയർലണ്ട് സ്കോർ 208ൽ ഒതുങ്ങുകയായിരുന്നു. അയർലണ്ടിന് വേണ്ടി സ്റ്റെയർലിങ് 47 പന്തിൽ 95 റൺസും ഒബ്രയാൻ 32 പന്തിൽ 48 റൺസുമെടുത്ത് പുറത്തായി.
തുടർന്ന് ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് ഒരു ഘട്ടത്തിൽ മത്സരം അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്നെങ്കിലും അവസാന 10 ഓവറിൽ മികച്ച രീതിയിൽ പന്ത് എറിഞ്ഞ് അയർലണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. വെസ്റ്റിൻഡീസിന് വേണ്ടി എവിൻ ലെവിസ് 29 പന്തിൽ 53 റൺസും പൊള്ളാർഡ് 15 പന്തിൽ 31 റൺസും ഹേറ്റ്മേയർ 18 പന്തിൽ 28 റൺസും റുഥർഫോർഡ് 13 പന്തിൽ 26 റൺസുമെടുത്ത് പുറത്തായി