ഗെയിലുള്‍പ്പെടെ രണ്ട് വിക്കറ്റും മെയിഡന്‍ ഓവറും, മാന്‍ ഓഫ് ദി മാച്ചായി ടര്‍ബണേറ്റര്‍

ക്രിസ് ഗെയിലിനെയും മയാംഗ് അഗര്‍വാളിനെയും വീഴ്ത്തി ഡബിള്‍ വിക്കറ്റ് മെയിഡന്‍ നേടിയ ഹര്‍ഭജന്‍ സിംഗ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി. ഏതാനും മത്സരങ്ങള്‍ പുറത്തിരുന്ന ശേഷം വീണ്ടും ടീമിലേക്ക് എത്തിയ ഹര്‍ഭജന്‍ സിംഗിന്റെ തുടക്കം മികച്ചതായിരുന്നു. യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിനെ വീഴ്ത്തുവാനായി ധോണി രണ്ടാം ഓവറില്‍ തന്നെ ടര്‍ബണേറ്റെ ബൗളിംഗിനു എത്തിച്ചിരുന്നു.

ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ ബീറ്റണാക്കിയ ഗെയില്‍ നാലാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ധോണിയ്ക്ക ക്യാച്ച് നല്‍കി മടങ്ങി. ഓവറിലെ അവസാന പന്ത് അടിച്ച് തകര്‍ക്കുവാന്‍ ശ്രമിച്ച് മയാംഗ് അഗര്‍വാളും പുറത്താകുകയായിരുന്നു. തന്റെ നാലോവര്‍ സ്പെല്‍ അവസാനിച്ചപ്പോള്‍ ഹര്‍ഭജന്‍ 17 റണ്‍സിനാണ് രണ്ട് വിക്കറ്റ് നേടിയത്.