സെലക്ടര്‍മാര്‍ക്കുള്ള തന്റെ മറുപടി ബാറ്റിലൂടെയെന്ന് തെളിയിച്ച് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പാക്കി മുംബൈ

Suryakumaryadav

മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാക്കി സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന് നേടിയ 5 വിക്കറ്റ് വിജയത്തോടെയാണ് മുംബൈ 16 പോയിന്റിലേക്ക് എത്തിയത്. 19.1 ഓവറിലാണ് മുംബൈയുടെ മികച്ച വിജയം. 43 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ യാദവ് 10 ഫോറും 3 സിക്സും നേടി.

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ന് മുംബൈയുടെ വിജയം. വലിയ സ്കോര്‍ നേടുമെന്ന് തോന്നിപ്പിച്ച ബാംഗ്ലൂരിനെ 164 റണ്‍സില്‍ പിടിച്ച് കെട്ടിയെങ്കിലും ചേസിംഗ് അത്ര എളുപ്പമായിരുന്നില്ല മുംബൈയ്ക്ക്. 5.3 ഓവറില്‍ 37 റണ്‍സ് കൂട്ടുകെട്ടിന് ശേഷം ഡി കോക്കും(18) ഇഷാന്‍ കിഷനും(52) പുറത്തായ ശേഷം സൂര്യകുമാര്‍ യാദവ് ആണ് മുംബൈയെ മുന്നോട്ട് നയിച്ചത്.

Chahal

ഒരു വശത്ത് സൗരഭ് തിവാരിയയെയും ക്രുണാല്‍ പാണ്ഡ്യയെയും ബാംഗ്ലൂര്‍ വീഴ്ത്തിയെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി സൂര്യകുമാര്‍ യാദവ് റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുകയായിരുന്നു. 29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരം മുംബൈയ്ക്ക് അവസാന മൂന്നോവറിലെ ലക്ഷ്യം 27 റണ്‍സാക്കി കുറച്ചു കൊണ്ടു വന്നു.

ക്രിസ് മോറിസ് എറിഞ്ഞ 19ാം ഓവറില്‍ 17 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ മുംബൈയ്ക്ക് 7 പന്തില്‍ ഏഴ് റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി  നേടി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയം ഉറപ്പാക്കി.

ബാംഗ്ലൂര്‍ നിരയില്‍ ചഹാലും സിറാജും രണ്ട് വീതം വിക്കറ്റ് നേടി.

Previous articleടി20 ക്രിക്കറ്റിൽ രണ്ട് പുതിയ റെക്കോർഡുമായി ജസ്പ്രീത് ബുംറ
Next articleനെയ്മറിന് പരിക്ക്