ഓറഞ്ച്-പര്‍പ്പിള്‍ ക്യാപ്പുകള്‍ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍

Orangepurplecap
- Advertisement -

ഐപിഎലില്‍ ഇന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ് – റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം അവസാനിച്ചപ്പോള്‍ ഓറഞ്ച് ക്യാപ്പിനും പര്‍പ്പിള്‍ ക്യാപ്പിനും ഉടമകളായി കിംഗ്സ് ഇലവന്‍ പഞ്ചാബ് താരങ്ങള്‍. ഓറഞ്ച് ക്യാപ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് ഷമിയാണ് പര്‍പ്പിള്‍ ക്യാപ്പിന് ഉടമ.

ഇന്ന് പുറത്താകാതെ നേടിയ 132 റണ്‍സ് ഉള്‍പ്പെടെ ലോകേഷ് രാഹുല്‍ 153 റണ്‍സ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഫാഫ് ഡു പ്ലെസി 130 റണ്‍സ് നേടിയിട്ടുണ്ട്. നാളെ ഫാഫ് മത്സരിക്കുന്നതിനാല്‍ രാഹുലില്‍ നിന്ന് ക്യാപ് തട്ടിയെടുക്കുവാനും സാധ്യതയുണ്ട്. രാഹുലിന്റെ സഹതാരം മയാംഗ് അഗര്‍വാള്‍ 115 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്.

അതെ സമയം മികച്ച എക്കണോമിയുടെ ബലത്തിലാണ് ഷമിയുടെ പര്‍പ്പിള്‍ ക്യാപ്. 4 വിക്കറ്റ് നേടിയ താരത്തിനൊപ്പം നാല് വിക്കറ്റുമായി ഏഴ് താരങ്ങളാണുള്ളത്. ഷമിയുടെ സഹതാരങ്ങളായ ഷെല്‍ഡണ്‍ കോട്രെല്‍, രവി ബിഷ്ണോയി, സാം കറന്‍, ശിവം ഡുബേ, ലുംഗിസാനി ഗിഡി എന്നിവരും ഇടയ്ക്ക് അല്പ നേരം പര്‍പ്പിള്‍ ക്യാപ് കിട്ടിയ യൂസുവേന്ദ്ര ചഹാല്‍ എന്നിവരാണ് ഷമിയോടൊപ്പം വിക്കറ്റ് വേട്ടയിലൊപ്പമുള്ളത്.

Advertisement