ആര്‍സിബിയ്ക്കെതിരെ തുടര്‍ച്ചയായ എട്ടാം ജയമെന്ന ചെന്നൈയുടെ മോഹം തകര്‍ത്ത് പാര്‍ത്ഥിവ് പട്ടേല്‍, 2014നു ശേഷം ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന്റെ ആദ്യ ജയം

- Advertisement -

അവസാന ഓവറില്‍ ജയിക്കുവാന്‍ 26 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്, ശ്രമകരമെങ്കിലും എംഎസ് ധോണി ക്രീസിലുള്ളതിനാല്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല ചെന്നൈ സൂപ്പര്‍ കിംഗ്സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഉമേഷ് യാദവ്. ഇന്ന് ന്യൂബോളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാരെല്ലാം തന്നെ മികച്ച ബൗളിംഗാണ് പുറത്തെടുത്തത്, അത് പോലെതന്നെ ഉമേഷ് യാദവും തന്റെ നാലോവറില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മൂന്നോവറില്‍ നിന്ന് വെറും 23 റണ്‍സ് വഴങ്ങിയാണ് ഉമേഷ് യാദവ് തന്റെ രണ്ട് വിക്കറ്റ് നേടിയത്.

എന്നാല്‍ ഉമേഷിന്റെയും ആര്‍സിബിയുടെയും ആത്മവിശ്വാസം തകര്‍ക്കുന്ന പ്രകടനമാണ് ധോണി പുറത്തെടുത്തത്. ആദ്യ പന്ത് ബൗണ്ടറി നേടിയ ധോണി, രണ്ടാമത്തെ പന്തില്‍ 111 മീറ്റര്‍ ദൂരമുള്ള സിക്സ് നേടി. മൂന്നാം പന്തില്‍ ലോംഗ് ഓഫിനു മുകളിലൂടെ സിക്സര്‍ നേടി വീണ്ടും ധോണി ബാംഗ്ലൂര്‍ ഹൃദയങ്ങള്‍ തകര്‍ത്തു. നാലാമത്തെ പന്തില്‍ ഡബിളോടിയ ധോണി അഞ്ചാം പന്തില്‍ വീണ്ടും സിക്സ് നേടിയതോടെ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സായി മാറി.

ജയസാധ്യതയില്‍ നിന്ന് തോല്‍വിയുടെ വക്കിലേക്ക് ആര്‍സിബിയെ ഈ അഞ്ച് പന്തില്‍ ധോണി തള്ളിയിട്ട് കഴിഞ്ഞിരുന്നു. ജയമെന്നത് പാടെ മറന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിക്കാനാകുമോ എന്ന് റോയല്‍ ചലഞ്ചേഴ്സ് ഫാന്‍സ് ചിന്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ ചെന്നൈ നായകന്‍ ക്രീസില്‍ നില്‍ക്കുന്നതിനാല്‍ അവരുടെ ആരാധകര്‍ ജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ അവസാന പന്ത് സ്ലോ ലെഗ്-കട്ടര്‍ എറിഞ്ഞ ഉമേഷ് യാദവ് ധോണിയെ ബീറ്റ് ചെയ്തു, കട്ട് ചെയ്യാന്‍ ശ്രമിച്ച ധോണിയെ കടന്ന് പന്ത് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിലേക്ക് എത്തിയപ്പോള്‍ താരം അത് കൃത്യതയോടെ എറിഞ്ഞ് കൊള്ളിച്ചപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ക്രീസിനുള്ളില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല. ഒരു റണ്‍സിന്റെ വിജയം ആര്‍സിബി നേടിയപ്പോള്‍ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മൂന്നാം ജയം മാത്രമല്ല ടീം നേടിയത്. ഐപിഎലില്‍ തങ്ങള്‍ക്കെതിരെ തുടരെ ഏഴ് ജയം സ്വന്തമാക്കിയ ചെന്നൈയുടെ എട്ടാം ജയമെന്ന മോഹങ്ങളെയാണ് പാര്‍ത്ഥിവ് പട്ടേലിന്റെ ആ ഡയറക്ട് ഹിറ്റ് തകര്‍ത്തത്.

2014നു ശേഷം ഇതാദ്യമായാണ് ആര്‍സിബി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തുന്നത്.

Advertisement