ചൈനീസ് സ്പോണ്‍സര്‍മാരെ ഒഴിവാക്കണം, ബിസിസിഐയോട് ആവശ്യപ്പെട്ട് നെസ്സ് വാഡിയ

- Advertisement -

നിലവിലെ സാഹചര്യത്തില്‍ ചൈനീസ് സ്പോണ്‍സര്‍മാരെ ഒഴിവാക്കി ബിസിസിഐ ഐപിഎലുമായി മുന്നോട്ട് പോകമണമെന്ന് ആവശ്യപ്പെട്ട് കിംഗ്സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ്സ് വാഡിയ. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. അതിന് ശേഷം ഇന്ത്യന്‍ സര്‍ക്കാര്‍ ചൈനീസ് ആപ്പുകളെ നിരോധിക്കുകയും ചെയ്തു.

ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ആണ് നിലവില്‍ ഐപിഎലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. ഉടന്‍ ബിസിസിഐ ഇതിന്മേല്‍ തീരുമാനം എടുക്കുന്നതിനായി ചര്‍ച്ച വിളിച്ചിട്ടുണ്ടെന്ന് ആദ്യം അറിയിച്ചുവെങ്കിലും ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. വരുന്ന സീസണില്‍ ഒരു പുതിയ ഇന്ത്യന്‍ സ്പോണ്‍സറെയാവണം ഇന്ത്യ കണ്ടെത്തേണ്ടതെന്ന് ബിസിസിഐയോട് നെസ്സ് വാഡിയ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുക എളുപ്പമല്ലെന്ന് പറഞ്ഞ വാഡിയ എന്നാല്‍ ചൈനയുമായുള്ള ഇത്തരത്തിലുള്ള സഹകരണം ഒഴിവാക്കണമെന്ന് വ്യക്തമാക്കി. ഏതെങ്കിലും ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഐപിഎലിനെ സഹായിക്കുവാന്‍ മുന്നോട്ട് വരുമെന്ന് നെസ്സ് വാഡിയ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement