തിളങ്ങിയത് രോഹിത്തും സൂര്യകുമാര്‍ യാദവും മാത്രം, മുംബൈയെ 131 റണ്‍സിന് ഒതുക്കി പഞ്ചാബ് കിംഗ്സ്

Rohitsharma

പഞ്ചാബ് കിംഗ്സിനെതിരെ ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 131 റണ്‍സ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്. ക്വിന്റണ്‍ ഡി കോക്കിനെയും(3), ഇഷാന്‍ കിഷനെയും(6) വേഗത്തില്‍ നഷ്ടമായ മുംബൈയെ മുന്നോട്ട് നയിച്ചത് രോഹിത് ശര്‍മ്മയും സൂര്യകുമാര്‍ യാദവും ആയിരുന്നു. 79 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇവര്‍ നേടിയത്.

പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ ഇവര്‍ നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് സൂര്യകുമാര്‍ യാദവിനെ രവി ബിഷ്ണോയി പുറത്താക്കിയത്. 33 റണ്‍സായിരുന്നു സൂര്യുമാര്‍ യാദവ് നേടിയത്. അധികം വൈകാതെ രോഹിത്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. 52 പന്തില്‍ നിന്നാണ് രോഹിത് 63 റണ്‍സ് നേടിയത്.

ഇരുവരുടെയും വിക്കറ്റുകള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ നഷ്ടമായതും പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യാനും സാധിക്കാതെ പോയപ്പോള്‍ മുംബൈയുടെ സ്കോര്‍ 131 റണ്‍സില്‍ ഒതുങ്ങി.

മുഹമ്മദ് ഷമിയും രവി ബിഷ്ണോയിയും 21 റണ്‍സ് വിട്ട് കൊടുത്ത് 2 വിക്കറ്റ് വീതമാണ് നേടിയത്.