വിക്കറ്റ് വലിച്ചെറിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബാറ്റ്സ്മാന്മാര്‍, പൊരുതി നോക്കിയത് പൂരന്‍ മാത്രം

Lokeshrahulchahar
- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആധികാരിക വിജയവുമായി മുംബൈ ഇന്ത്യന്‍സ്. 192 റണ്‍സ് വിജയം ലക്ഷ്യം മുന്നോട്ട് വെച്ച മുംബൈയ്ക്കെതിരെ കിംഗ്സ് ഇലവന് 20 ഓവറില്‍ നിന്ന് 143 റണ്‍സ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ഈ സ്കോര്‍ നേടിയത്. മുംബൈ 48 റണ്‍സ് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

മയാംഗ് അഗര്‍വാള്‍ തന്റെ മികവ് ഈ മത്സരത്തിലും തുടര്‍ന്നപ്പോള്‍ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ജസ്പ്രീത് ബുംറ 25 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി. 38/0 എന്ന നിലയില്‍ നിന്ന് 39/2 എന്ന നിലയിലേക്കായി അധികം വൈകാതെ പഞ്ചാബ്. കരുണ്‍ നായരുടെ വിക്കറ്റാണ് ക്രുണാള്‍ പാണ്ഡ്യ വീഴ്ത്തിയത്.

Nicholaspooran

അധികം വൈകാതെ ക്യാപ്റ്റന്‍ ലോകേഷ് രാഹുലിനെ(17) മടക്കി രാഹുല്‍ ചഹാറും വിക്കറ്റ് വേട്ടയില്‍ സ്ഥാനം പിടിച്ചു. രാഹുല്‍ പുറത്താകുമ്പോള്‍ 60/3 എന്ന നിലയിലായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ്. 51 റണ്‍സിന്റെ കൂട്ടുകെട്ടുമായി നിക്കോളസ് പൂരന്‍ – ഗ്ലെന്‍ മാക്സ്വെല്‍ കൂട്ടുകെട്ട് പഞ്ചാബിന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ബൗളിംഗിലേക്ക് മടങ്ങിയെത്തിയ ജെയിംസ് പാറ്റിന്‍സണ്‍ നിക്കോളസ് പൂരനെ പുറത്താക്കി ശക്തമായ മേല്‍ക്കൈ മത്സരത്തില്‍ മുംബൈയ്ക്ക് നേടിക്കൊടുത്തു. 27 പന്തില്‍ നിന്ന് 44 റണ്‍സാണ് പൂരന്‍ നേടിയത്.

അധികം വൈകാതെ ഗ്ലെന്‍ മാക്സ്വെല്ലിനെയും(11) രാഹുല്‍ ചഹാര്‍ പുറത്താക്കി മുംബൈ വിജയത്തിലേക്ക് അടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജെയിംസ് നീഷത്തിനെ ബുംറ പുറത്താക്കിയപ്പോള്‍ 16 ഓവറില്‍ പഞ്ചാബ് 112/6 എന്ന നിലയിലേക്ക് വീണു.

മത്സരം അവസാനിച്ചപ്പോള്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. കൃഷ്ണപ്പ ഗൗതം 13 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കായി ജെയിംസ് പാറ്റിന്‍സണ്‍, ജസ്പ്രീത് ബുംറ, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

Advertisement