ഒരോവറിൽ പന്തിനെയും അക്സറിനെയും വീഴ്ത്തി ഫെർഗൂസൺ, ഡൽഹിയ്ക്ക് കാലിടറി

Lockieferguson

ഋഷഭ് പന്തിന്റെ ബാറ്റിംഗ് മികവിൽ അനായാസം മുന്നേറുകയായിരുന്ന ഡല്‍ഹി ക്യാപിറ്റൽസിന് മത്സരത്തിന്റെ അവസാനത്തോടെ കാലിടറി. ഒരു ഘട്ടത്തിൽ 118/4 എന്ന നിലയിൽ ഋഷഭ് പന്തിന്റെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഡല്‍ഹിയ്ക്ക് ലോക്കി ഫെര്‍ഗൂസൺ ആണ് തിരിച്ചടി ഏല്പിച്ചത്.

നേരത്തെ പൃഥ്വി ഷായെയും മന്‍ദീപ് സിംഗിനെയും ഒരേ ഓവറിൽ പുറത്താക്കിയ ഫെര്‍ഗൂസൺ പിന്നീട് സമാനമായ രീതിയിൽ ഋഷഭ് പന്തിനെയും അക്സര്‍ പട്ടേലിനെയും വീഴ്ത്തി മത്സരത്തിൽ നിന്ന് നാല് വിക്കറ്റ് നേടിയാണ് ഡല്‍ഹിയെ തകര്‍ത്ത് കളഞ്ഞത്.

Gujarattitanslockie

അഞ്ചാം ഓവറിലും 15ാം ഓവറിലുമാണ് ഫെര്‍ഗൂസൺ ഇത്തരത്തിൽ വിക്കറ്റുകള്‍ നേടിയത്. ഓവറുകളുടെ ഒന്നാം പന്തിലും അഞ്ചാം പന്തിലും ആയിരുന്നു ഈ വിക്കറ്റുകള്‍. 29 പന്തിൽ പന്ത് 43 റൺസ് നേടി പുറത്തായപ്പോള്‍ ലളിത് യാദവ്(25), റോവ്മന്‍ പവൽ(20) എന്നിവരും ചെറുത്ത്നില്പുയര്‍ത്തി.

12 പന്തിൽ 20 റൺസ് നേടിയ റോവ്മന്‍ പവലിനെ ഷമി പുറത്താക്കിയതോടെ ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 157 റൺസ് മാത്രം നേടിയപ്പോള്‍ 14 റൺസിന്റെ വിജയം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു.

Previous articleസന്തോഷ് ട്രോഫി; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു
Next articleടോപ് പ്രതീക്ഷകൾ അസ്തമിക്കുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ ശീലമാകുന്നു