ഐപിഎല്‍ ഏപ്രില്‍ 9ന് ആരംഭിയ്ക്കും, ആദ്യ മത്സരം മുംബൈയും ആര്‍സിബിയും തമ്മില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ 2021 ആരംഭിക്കുക ഏപ്രില്‍ 9ന് എന്ന് അറിയിച്ച് ബിസിസിഐ. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ആണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുകയെന്നും കാണികളെ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ ആറ് വേദികളില്‍ ആവും മത്സരം നടക്കുക. എന്നാല്‍ ടീമുകളുടെ സ്വന്തം സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഉണ്ടാവില്ലെന്നും അറിയുന്നു. മേയ് 30ന് അഹമ്മദാബാദില്‍ വെച്ചാണ് ഫൈനല്‍ മത്സരം അരങ്ങേറുക.

പ്ലേ ഓഫ് മത്സരങ്ങള്‍ മേയ് 25, 26, 28 തീയ്യതികളില്‍ നടക്കും. ഇവയും അഹമ്മദാബാദില്‍ ആവും നടക്കുക. മേയ് 23ന് ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്ന വരെ ഒരു ടീമിന് മൂന്ന് തവണ മാത്രമാകും യാത്ര ചെയ്യേണ്ടി വരിക എന്ന തരത്തിലാണ് ഫിക്സ്ച്ചറുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ബിസിസിഐ അറിയിച്ചു.

ഓരോ ടീമും ഈ ആറ് വേദികളില്‍ നാല് വേദികളില്‍ കളിക്കുമെന്നും 56 ലീഗ് മത്സരങ്ങളില്‍ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ പത്ത് വീതം മത്സരങ്ങള്‍ നടക്കുമ്പോള്‍ ഡല്‍ഹിയിലും അഹമ്മദാബാദിലും 8 വീതം മത്സരങ്ങള്‍ നടക്കും.