ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരങ്ങളായ ക്രൂണാൽ പാണ്ഡ്യയെയും പ്രസീദ് കൃഷണയെയും പ്രകീർത്തിച്ച് മുൻ പാകിസ്ഥാൻ താരം ഇൻസമാമുൽ ഹഖ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന പരമ്പരയിൽ ഇന്ത്യ ജയം സ്വന്തമാക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു മുൻ പാകിസ്ഥാൻ താരം.
ഇന്ത്യക്ക് എല്ലാ ഫോർമാറ്റിലും പുതിയ താരങ്ങളെ കണ്ടെത്താനുള്ള ഒരു യന്ത്രം ഉണ്ടെന്നും ഇന്ന് അരങ്ങേറ്റം നടത്തിയ രണ്ട് പുതുമുഖങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും ഇൻസമാമുൽ ഹഖ് പറഞ്ഞു. യുവതാരങ്ങൾ ഇങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ അത് ടീമിലെ സീനിയർ താരങ്ങൾക്ക് കടുത്ത ഭീഷണി ആണെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനം മുതൽ ഓരോ മത്സരത്തിലും ഓരോ സീരീസിലും ഒരു യുവ താരം എങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ടീമിൽ ജൂനിയർ താരങ്ങൾ ഇത്തരത്തിൽ ഉള്ള ഒരു പ്രകടനം പുറത്തെടുക്കുമ്പോൾ ആ ടീം മികച്ചതാവുമെന്നും ഇൻസമാമുൽ ഹഖ് പറഞ്ഞു. കഴിഞ്ഞ 6 മാസകാലമായി ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അതിന്റെ കാരണം ഇന്ത്യൻ ടീമിലെ യുവതാരങ്ങൾ ആണെന്നും ഇൻസമാമുൽ ഹഖ് പറഞ്ഞു.