ഐസിസി ഇവന്റുകളിൽ ഇന്ത്യയുടെ ടീം സെലക്ഷനുകള്‍ തെറ്റായി പോകുന്നുണ്ടെന്ന് കരുതുന്നു – സൈമൺ ഡൂള്‍

ഇന്ത്യയുടെ ഐസിസി ഇവന്റുകളുടെ പരാജയത്തിന് കാരണം വലിയ മത്സരങ്ങളിൽ കളിക്കാനാകാതെ പോകുന്നതല്ലെന്നും ചിലപ്പോള്‍ ശരിയായ ടീം സെലക്ഷനുകളില്ലാത്തതാവാം ഇതിന് കാരണമെന്നും പറഞ്ഞ് സൈമൺ ഡൂള്‍. 2013ൽ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ശേഷം പിന്നീടുള്ള എല്ലാ ഐസിസി മത്സരങ്ങളിലും ടീം സെമിയിലെത്തിയെങ്കിലും കിരീടം നേടുവാന്‍ സാധ്യമായിരുന്നില്ല.

വലിയ ദിവസത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലേ എന്ന ഹര്‍ഷ ബോഗ്ലേയുടെ ചോദ്യത്തിനാണ് സൈമൺ ഇത്തരത്തിൽ മറുപടി നല്‍കിയത്.

ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റുകളിൽ കളിച്ചെത്തുന്ന താരങ്ങള്‍ക്ക് വലിയ മത്സരത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് തോന്നുന്നില്ലെന്നും ചിലപ്പോള്‍ സെലക്ഷനാകാം മത്സരത്തില്‍ ഇന്ത്യ പിന്നിൽ പോകുന്നതിന് കാരണമെന്നും സൈമൺ ഡൂള്‍ വ്യക്തമാക്കി.