രണ്ടു വലിയ ക്രിക്കറ്റ് പരമ്പരകളെയാണ് 2019ൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മാർച്ച് മാസം അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗും തുടർന്ന് ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പും തിരക്കേറിയ ക്രിക്കറ്റ് ദിനങ്ങളാവും ആരാധകർക്കു സമ്മാനിക്കുക. എന്നാൽ തുടർച്ചയായ രണ്ടു പരമ്പരകൾ അത്യധികം പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത് മുൻനിര അന്താരാഷ്ട്ര കളിക്കാരെയാണ്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ശക്തമായ ഉപാധികളാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നതിന് അവരുടെ കളിക്കാരുടെ മുന്നിൽ വച്ചിരിക്കുന്നത്. ലോകകപ്പ് മുന്നിൽ കണ്ട് മറ്റു രാജ്യങ്ങളും സമാനമായ തീരുമാനം എടുക്കുന്നതിനുള്ള സാഹചര്യമാണുള്ളത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പ്രീമിയർ ലീഗ് 2019ൽ നിന്നും വിട്ടുനിൽക്കാൻ ബൗളർമാരോട് നിർദേശിച്ചിട്ടുണ്ട്. പൂർണമായ കായികക്ഷമതയോടെ ലോകകപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണിത്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. ഇന്ത്യയുടെ മുൻനിര കളിക്കാരെല്ലാം അവരുടെ ഐപിൽ ടീമിൽ വളരെ പ്രധാന പങ്കു വഹിക്കുന്ന സാഹചര്യത്തിൽ, അവരിൽ ആരൊക്കെ 2019 സീസണിൽ നിന്നും പൂർണമായോ ഭാഗികമായോ വിട്ടുനിൽകും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.
പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇന്ത്യൻ കളിക്കാരെ ഈ അവസരത്തിൽ സമ്മർദ്ദത്തിലാക്കുന്നത് – ലോകകപ്പിന് മുന്നോടിയായി വരുന്ന ടി20 മത്സരങ്ങൾ കായികക്ഷമതയെ എങ്ങനെ ബാധിക്കും എന്നതും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ കാരണം ലോകകപ്പിൽ നിന്നും പിന്മാറേണ്ടി വരുമോയെന്ന ആശങ്കയും.
വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങൾ പരിക്ക് മൂലം ലോകകപ്പിൽ നിന്നും മാറി നിൽക്കുന്ന സാഹചര്യം ഇന്ത്യൻ ടീം ആഗ്രഹിക്കുന്നുണ്ടാവില്ല.
അതെ സമയം മുൻനിര താരങ്ങൾ ഇല്ലാതെ വരുന്നതു ഐപിൽ ടൂർണമെന്റിനെയും സാരമായി ബാധിക്കും. ടീമുകളുടെ ഘടനയെയും വിജയ സാധ്യതകളെയും ബാധിക്കുന്നതോടൊപ്പം കടുത്ത സാമ്പത്തിക നഷ്ടത്തിനും സാധ്യത കൂടുതലാണ്. മത്സരങ്ങൾ കാണാനെത്തുന്ന ആരാധകരുടെയും ടെലിവിഷനിലൂടെ കാണുന്നവരുടെയും എണ്ണത്തിൽ വരുന്ന കുറവ് സാമ്പത്തികമായി ഐപിൽ 2019നെ ബാധിക്കും. ടൂർണമെന്റിൽ നിന്നും വിട്ടു നിന്നാൽ താരങ്ങൾക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ബിസിസിഐ എങ്ങനെ നേരിടുമെന്നും കണ്ടറിയേണ്ടേ വസ്തുതയാണ്.