തെവാത്തിയയുടെ മികവിൽ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം, മില്ലറുടെയും നിര്‍ണ്ണായക സംഭാവന

Sports Correspondent

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആവേശകരമായ വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. 19.4 ഓവറിൽ വിജയം നേടുവാന്‍ ഗുജറാത്തിനായപ്പോള്‍ രാഹുല്‍ തെവാത്തിയ – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിത്തിരിവായത്.

ദുഷ്മന്ത ചമീരയുടെ ഇരട്ട പ്രഹരങ്ങള്‍ ഗുജറാത്തിന്റെ തുടക്കം പിഴയ്ക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലിനെയും വിജയ് ശങ്കറെയും താരം പുറത്താക്കിയപ്പോള്‍ മൂന്നാം ഓവറിനുള്ളിൽ ഗുജറാത്ത് 15/2 എന്ന നിലയിലേക്ക് വീണു.

പിന്നീട് മാത്യു വെയ്ഡും ക്രുണാൽ പാണ്ഡ്യയും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 57 റൺസ് കൂട്ടിചേര്‍ത്ത് ഗുജറാത്തിനെ മുന്നോട്ട് നയിച്ചു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഗുജറാത്തിന് ഇരുവരെയും നഷ്ടമാകുകയായിരുന്നു.

ഹാര്‍ദ്ദിക്കിനെ ക്രുണാൽ പുറത്താക്കിയപ്പോള്‍ മാത്യു വെയ്ഡിനെ ദീപക് ഹൂഡ മടക്കിയയച്ചു. ഹാര്‍ദ്ദിക് 33 റൺസും മാത്യു വെയ്ഡ് 30 റൺസുമാണ് നേടിയത്.

പിന്നീട് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും വീണ്ടും ഗുജറാത്തിനെ ട്രാക്കിലാക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് അതിവേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ ഗുജറാത്തിന് അവസാന മൂന്നോവറിൽ 29 റൺസായിരുന്നു നേടേണ്ടിയിരുന്നത്.

34 പന്തിൽ 64 റൺസ് ആണ് ഈ കൂട്ടുകെട്ട് നേടിയത്. അവേശ് ഖാന്‍ 30 റൺസ് നേടി മില്ലറെ പുറത്താക്കുമ്പോള്‍ 21 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. തെവാത്തിയയ്ക്ക് പിന്തുണയായി അഭിനവ് മനോഹര്‍ 7 പന്തിൽ 15 റൺസ് നേടിയപ്പോള്‍ 19.4 ഓവറിൽ ഗുജറാത്ത് 5 വിക്കറ്റ് വിജയം ഉറപ്പാക്കി.