ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും യു.എ.ഇയിലെത്തി

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ വേണ്ടി ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും യു.എ.ഇയിലെത്തി. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കേണ്ട മുഴുവൻ ടീമുകളും യു.എ.ഇയിലെത്തി. ടീമുകൾ 6 ദിവസം ക്വറന്റൈനിൽ കഴിഞ്ഞതിന് ശേഷം പരിശീലനം ആരംഭിക്കും. താരങ്ങൾ മൂന്ന് കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് ആവുകയും ചെയ്താൽ മാത്രമേ താരങ്ങൾക്ക് പരിശീലനത്തിന് ഇറങ്ങാൻ സാധിക്കു. ടീമുകളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് താരങ്ങൾ യു.എ.ഇയിൽ എത്തിയ വിവരങ്ങൾ പുറത്തുവിട്ടത്.

സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാവാത്തതിനെ തുടർന്നാണ് ഇന്ത്യക്ക് പുറത്ത് വെച്ച് ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.