സ്പിന്നര്‍മാരെ വരെ യോര്‍ക്കറുകള്‍ എറിയിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഐപിഎലിലെ ബാറ്റിംഗ് നിലവാരം ഉയര്‍ന്നത് – ക്രുണാല്‍ പാണ്ഡ്യ

ഐപിഎലിലെ ബാറ്റിംഗ് നിലവാരം ഏറെ ഉയര്‍ന്നതാണെന്നും പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഉയര്‍ന്ന നിലവാരമുള്ള താരങ്ങളാണ് ഐപിഎലില്‍ കളിക്കുന്നതെന്നും പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യ. നിക്കോളസ് പൂരനെതിരെ ഇന്നലത്തെ മത്സരത്തില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ട് കൊടുത്ത താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോളാണ് ക്രുണാലിന്റെ ഇപ്രകാരമുള്ള മറുപടി.

സ്പിന്നര്‍മാര്‍ വരെ യോര്‍ക്കറുകള്‍ എറിയുവാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ അത് കാണിക്കുന്നത് ഐപിഎലിലെ ബാറ്റ്സ്മാന്മാരുടെ ഉയര്‍ന്ന നിലവാരത്തെക്കുറിച്ചാണെന്നും ക്രുണാല്‍ പറഞ്ഞു. പിച്ചുകള്‍ ബാറ്റിംഗ് സൗഹൃദമാകുമ്പോള്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ പ്രയാസമാകും കാര്യങ്ങള്‍. എന്നാല്‍ ടീം പ്ലാന്‍ അനുസരിച്ച് പന്തെറിയുവാന്‍ സാധിക്കുകയാണെങ്കില്‍ അത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും താരം വ്യക്തമാക്കി. ബാറ്റ്സ്മാന്മാര്‍ തങ്ങളെ ആക്രമിക്കുന്നില്ലെന്ന് ഉറപ്പാക്കുവാന്‍ ബൗളര്‍മാര്‍ ഏറെ പ്രയാസപ്പെടേണ്ട ഒരു ഫോര്‍മാറ്റാണ് ടി20യെന്നും ഐപിഎലില്‍ അത് ഏറ്റവും പ്രയാസകരമാണെന്നും ക്രുണാല്‍ പറഞ്ഞു.