രണ്ട് സെറ്റ് ബാറ്റ്സ്മാന്മാര്‍ അവസാനം വരെ ബാറ്റ് ചെയ്യണമായിരുന്നു, അതിന് സാധിച്ചില്ല – ഡേവിഡ് വാര്‍ണര്‍

ഈ പരാജയം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ലെന്നും ബൗളര്‍മാര്‍ അവരെ പിടിച്ചുകെട്ടിയ ശേഷം താനും മനീഷ് പാണ്ടേയും ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചതെങ്കിലും അവസാന ഓവറുകളില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്നതാണ് കണ്ടതെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

രണ്ട് സെറ്റ് ബാറ്റ്സ്മാന്മാര്‍ അവസാനം വരെ ബാറ്റ് ചെയ്യണമായിരുന്നുവെന്നും അതിന് സാധിക്കാതെ പോയപ്പോള്‍ സണ്‍റൈസേഴ്സിന് കാര്യങ്ങള്‍ പ്രയാസകരമായി മാറിയെന്നും വാര്‍ണര്‍ പറഞ്ഞു. ആവശ്യമില്ലാത്ത ഷോട്ടുകള്‍ കളിച്ചാണ് തന്റെ ടീമംഗങ്ങള്‍ വിക്കറ്റ് വലിച്ചെറിഞ്ഞതെന്നും കൂട്ടുകെട്ട് സൃഷ്ടിക്കുകയും ശരിയായ ക്രിക്കറ്റിംഗ് ഷോട്ടുകള്‍ കളിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ടീം കടമ്പ അനായാസം കടന്നേനെ എന്ന് ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി.

ഇനിയും ഇവിടെ മൂന്ന് മത്സരങ്ങളുണ്ടെന്നും പിച്ച് കൂടുതല്‍ മെച്ചപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു. ചെപ്പോക്കില്‍ എല്ലാ മത്സരങ്ങളിലും വിജയം രണ്ടാമത് ബാറ്റ് ചെയ്ത ടീമായിരുന്നു നേടേണ്ടിയിരുന്നതെന്നും വാര്‍ണര്‍ വ്യക്തമാക്കി.