ഐപിഎലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 177 റൺസ്. മികച്ച തുടക്കത്തിന് ശേഷം 94/5 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും ആന്‍ഡ്രേ റസ്സലും ചേര്‍ന്ന് 63 റൺസ് ആറാം വിക്കറ്റിൽ നേടിയാണ് മുന്നോട്ട് നയിച്ചത്.
വെങ്കിടേഷ് അയ്യരെ രണ്ടാം ഓവറിൽ നഷ്ടമാകുമ്പോള്‍ ടീം 17 റൺസാണ് നേടിയത്. അവിടെ നിന്ന് നിതീഷ് റാണയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് 48 റൺസ് അതിവേഗം കൂട്ടിചേര്‍ത്തു. ഉമ്രാന്‍ മാലിക് ഒരേ ഓവറിൽ നിതീഷ് റാണയെയും(26), അജിങ്ക്യ രഹാനെയെയും(28) പുറത്താക്കിയപ്പോള്‍ 65/1 എന്ന നിലയിൽ നിന്ന് 72/3 എന്ന നിലയിലേക്ക് ടീം വീണു.
ശ്രേയസ്സ് അയ്യരെയും ഉമ്രാന്‍ മാലിക് തന്റെ അടുത്ത ഓവറിൽ പുറത്താക്കിയപ്പോള്‍ റിങ്കു സിംഗിനെ നടരാജന്‍ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് സാം ബില്ലിംഗ്സും ആന്‍ഡ്രേ റസ്സലും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. സാം ബില്ലിംഗ്സ് 34 റൺസ് നേടി പുറത്തായപ്പോള്‍ ആന്‍ഡ്രേ റസ്സൽ 28 പന്തിൽ 49 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.
വാഷിംഗ്ടൺ എറിഞ്ഞ അവസാന ഓവറിൽ റസ്സൽ നേടിയ മൂന്ന് സിക്സ് അടക്കം 20 റൺസാണ് കൊല്‍ക്കത്ത നേടിയത്.