കേരള ഫുട്ബോൾ ഉയരങ്ങൾ കീഴടക്കി അവിടെ തന്നെ സ്ഥിരതാമസമാക്കുമ്പോൾ

കേരള ഫുട്ബോൾ ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്തേക്ക് എത്തുമ്പോൾ എന്നൊരു ലേഖനം സന്തോഷ് ട്രോഫി കിരീടം നേടിയ സമയത്ത് ഞങ്ങൾ എഴുതിയിരുന്നു. തലപത്ത് എത്തുകയും ഉയരങ്ങൾ കീഴടക്കുകയും മാത്രമല്ല ഉയരങ്ങൾ കീഴടക്കി അവിടെ സ്ഥിര താമസമാക്കുകയാണ് കേരള ഫുട്ബോൾ ഇനി ചെയ്യാൻ പോകുന്നത് എന്ന് പറയേണ്ടി വരും. ഗോകുലം കേരളയുടെ രണ്ടാം ഐ ലീഗ് കിരീടം അതാണ് വിളിച്ചു പറയുന്നത്. ഇനി ഞങ്ങൾ, കേരളം, ഇന്ത്യൻ ഫുട്ബോൾ ഭരിക്കും എന്ന്. ഞങ്ങളെ മറികടന്നു മാത്രമേ ഇനി ആർക്കെങ്കിലും ഉയരത്തിലേക്ക് എത്താൻ ആകു എന്ന്.

ഐ ലീഗിലെ ഇന്നത്തെ ഗോകുലത്തിന്റെ നേട്ടം ഒരു ചരിത്രം കൂടെയാണ്. തുടർച്ചയായി രണ്ട് ഐ ലീഗ് കിരീടം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ്. കേരളം സന്തോഷ് ട്രോഫിയിൽ നേടിയ വിജയത്തിന്റെ സന്തോഷം ഉള്ളിൽ നിറഞ്ഞു നിൽക്കെ തന്നെയാണ് മറ്റൊരു സന്തോഷം കൂടെ കേരള ഫുട്ബോൾ പ്രേമികളിലേക്ക് എത്തുന്നത്.

ഒരു ദശകത്തിന് മുമ്പ് പേരിന് ഒരു പ്രൊഫഷണൽ ക്ലബ് പോലും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന കേരളമാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ശക്തിയായി എല്ലാ മേഖലയിലും നിൽക്കുന്നത്.

ഐ ലീഗിൽ തുടർച്ചയായി രണ്ട് സീസണിലും നമ്മൾ തന്നെ ഒന്നാമത്. സന്തോഷ് ട്രോഫിയും കേരളത്തിൽ തന്നെ. ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം തന്നെ നിലവിലെ ചാമ്പ്യൻസും നിലവിൽ ലീഗിൽ ഒന്നാമത് ഉള്ളതും. ഒരു വനിതാ ലീഗ് കിരീടം കൂടെ കേരളത്തിൽ എത്താൻ ദിവസങ്ങളുടെ കാത്തിരിപ്പ് കൂടിയെ വേണ്ടി വരൂ.Img 20220503 003455

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു വലിയ ഫോഴ്സായി വളരുന്നത് കഴിഞ്ഞ സീസണിൽ കണ്ടു. നമ്മൾ അവിടെ റണ്ണേഴ്സ് അപ്പാണ്. മാത്രമല്ല ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലും രണ്ടാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്സിനാണ്. ഒന്നാമത് എത്തിയ ബെംഗളൂരു എഫ് സിയുടെ നെടുംതൂണായ രാഹുലും ഷാരോണും മലയാളി താരങ്ങളാണെന്നും ഓർക്കണം. അവിടെ ഷിഗിൽ എന്ന ഒരു മലയാളി കൂടെയുണ്ടായിരുന്നു.

നേരത്തെയുള്ള ലേഖനങ്ങളിൽ പറഞ്ഞത് പോലെ കെ പി എൽ എടുത്താൽ 22 ക്ലബുകളാണ് ഇത്തവണ ഏറ്റുമുട്ടിയത്. ഇന്ത്യയിൽ വേറെ ഒരു സംസ്ഥാനത്തിനും ചിന്തിക്കാൻ ആകാത്ത അത്ര മികച്ച സ്റ്റേറ്റ് ലീഗ്. ഇത്ര കാലം ആരാധകർ കേരള ഫുട്ബോളിനെ സ്നേഹിച്ചതിന് ഫുട്ബോൾ ഇപ്പോൾ പ്രതിഫലം നൽകുകയാണെന്ന് തന്നെ നമ്മുക്ക് വിശ്വസിക്കാം. ഈ മികവ് എന്നെന്നും തുടരട്ടെ.