ഗായക്വാഡിന് ശതകം ഒരു റൺസ് അകലെ നഷ്ടം!!! അടിച്ച് തകര്‍ത്ത് ചെന്നൈ ഓപ്പണര്‍മാര്‍

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ റെക്കോര്‍ഡ് ബാറ്റിംഗുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍മാര്‍. ഈ സീസണില്‍ ചെന്നൈയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് റുതുരാജ് ഗായക്വാഡും ഡെവൺ കോൺവേയും നേടിയപ്പോള്‍ സൺറൈറേഴ്സിനെതിരെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.

182 റൺസ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചത്. 18ാം ഓവറിലെ അഞ്ചാം പന്തിലാണ്. തന്റെ ശതകം നേടുവാന്‍ ബാറ്റ് വീശിയ റുതുരാജിനെ ഭുവനേശ്വര്‍ കുമാര്‍ പിടിച്ചപ്പോള്‍ നടരാജന് മത്സരത്തിലെ ആദ്യ വിക്കറ്റ് ലഭിച്ചു. 57 പന്തിൽ 99 റൺസ് നേടിയ റുതുരാജ് 6 ഫോറും 6 സിക്സുമാണ് നേടിയത്.

പതിയെ തുടങ്ങിയ ഡെവൺ കോൺവേ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം ഗിയര്‍ മാറ്റിയപ്പോള്‍ താരം 8 ഫോറും 4 സിക്സും അടക്കം 55 പന്തിൽ 85 റൺസാണ് നേടിയത്.

2 വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് ചെന്നൈ ഇന്ന് ആദ്യം ബാറ്റ് ചെയ്ത് നേടിയത്.