റണ്ണൗട്ടുകള്‍ തിരിച്ചടിയായി – ഹാര്‍ദ്ദിക് പാണ്ഡ്യ

അവസാന ഓവറിൽ 9 റൺസ് എന്ന ലക്ഷ്യം കണ്ണുമടച്ച് ഗുജറാത്ത് ടൈറ്റന്‍സ് നേടേണ്ട ഒന്നായിരുന്നുവെന്നും എന്നാൽ ആ രണ്ട് റണ്ണൗട്ടുകള്‍ ടീമിന് തിരിച്ചടിയായി എന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. 24 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ 18ാം ഓവറിലും രാഹുല്‍ തെവാത്തിയ അവസാന ഓവറിലും റണ്ണൗട്ടായപ്പോള്‍ 5 റൺസ് വിജയം മുംബൈ സ്വന്തമാക്കുകയായിരുന്നു.

ടി20 ക്രിക്കറ്റിൽ തുടരെ വിക്കറ്റുകള്‍ നഷ്ടമായാൽ അത് ടീമിനെ പിന്നോട്ട് നയിക്കുമെന്നും ജയിക്കേണ്ട കളി പരാജയപ്പെട്ട ഒരു മത്സരമായി ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നുവെന്നും ഹാര്‍ദ്ദിക് സൂചിപ്പിച്ചു. 19.2 അല്ലേൽ 19.3 ഓവര്‍ വരെ നല്ല ക്രിക്കറ്റ് കളിച്ച ശേഷമാണ് ടീം പരാജയമേറ്റുവാങ്ങിയതെന്ന് താന്‍ പറയും എന്നും പാണ്ഡ്യ വ്യക്തമാക്കി.

ഒരു ഘട്ടത്തിൽ മുംബൈ 200ന് മേലെയുള്ള സ്കോര്‍ നേടുമെന്ന് കരുതിയെങ്കിലും ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തി അവരെ പിടിച്ചുകെട്ടിയിരുന്നുവെന്നും ഹാര്‍ദ്ദിക് ചൂണ്ടിക്കാട്ടി.