ഗോകുലം കേരള ഇന്ന് രാജസ്ഥാനെതിരേ

കൊല്‍ക്കത്ത: ഐ ലീഗ് കിരീടം ലക്ഷ്യമാക്കുന്ന ഗോകുലം കേരള ഇന്ന് (7-05-2022) രാജസ്ഥാന്‍ എഫ്.സിയെ നേരിടും. കിരീട നേട്ടത്തിലേക്ക് മൂന്ന് മത്സരത്തില്‍ നിന്ന് നാല് പോയിന്റ്കൂടി ആവശ്യമുള്ള ഗോകുലം കേരള ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ആഗ്രഹിക്കുന്നില്ല. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1 എന്ന സ്‌കോറിന് സമനിലയില്‍ കലാശിക്കുകയായിരുന്നു. നെരോക്കക്കെതിരേയുള്ള അവസാന മത്സരത്തില്‍ വന്‍ ജയം സ്വന്തമാക്കിയ മലബാറിയന്‍ മികച്ച ആത്മവിശ്വാസത്തിലാണ്. 15 മത്സരത്തില്‍ നിന്ന് 37 പോയിന്റുള്ള ഗോകുലം കേരള ഇപ്പോഴും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്. നിലവില്‍ ഗോകുലം താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നുള്ളതാണ് പരിശീലകന്റെയും താരങ്ങളുടെ ആത്മവിശ്വാസം.

ലീഗില്‍ ഇതുവരെ തോല്‍വി അറായാതെയുള്ള ഗോകുലത്തിന്റെ ജൈത്രയാത്ര രാജസ്ഥാനെതിരേയും പുറത്തെടുക്കാനായാല്‍ ഗോകുലം കേരളക്ക് കിരീടത്തിലേക്കുള്ള ദൂരം ഇനിയും കുറക്കാന്‍ സാധിക്കും. നിലവില്‍ നാലു പോയിന്റ് മാത്രം അകലെയാണ് ഗോകുലത്തിന് ഐ ലീഗ് കിരീടം. ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഗോകുലം സീസണില്‍ 11 ജയം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് 40 ഗോളുകള്‍ സ്വന്തമാക്കുകയും 6 ക്ലീന്‍ ഷീറ്റും ഗോകുലത്തിന്റെ അക്കൗണ്ടിലുണ്ട്. സ്ലോവേനിയന്‍ താരം ലൂക്ക മെയ്‌സനാണ് 13 ഗോളുകളും ഗോകുലത്തിന് വേണ്ടി വലയിലാക്കിയത്. പരുക്കേറ്റ ലൂക്ക ഇന്ന് കളത്തിലിറങ്ങുമോ എന്ന കാര്യം വ്യക്തമല്ല. കോഴിക്കോട്ടുകാരനായ താഹിര്‍ സമാനാണ് അഞ്ചു ഗോളുമായി ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്‌കോറര്‍. 16 മത്സരത്തില്‍ നിന്ന് 22 പോയിന്റുള്ള രാജസ്ഥാന്‍ എഫ്.സി പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍.

ഇന്ന് രാത്രി എട്ടിന് ബംഗാളിലെ നെയ്ഹാതി സ്‌റ്റേഡിയത്തിലാണ് ഗോകുലവും രാജസ്ഥാനും തമ്മിലുള്ള പോരാട്ടം നടക്കുന്നത്. മുഹമ്മദന്‍സ്, ശ്രീനിധി എഫ്.സി എന്നീവര്‍ക്കെതിരേയാണ് ഗോകുലത്തിന്റെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍.