പഞ്ചാബിനെ പിടിച്ചുകെട്ടി സഞ്ജുവും സംഘവും, പഞ്ചാബ് സ്കോറിന് മാന്യത പകര്‍ന്ന് അശുതോഷ് ശര്‍മ്മ

Sports Correspondent

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിന്റെ ബൗളിംഗ് കരുത്ത് കണ്ട മത്സരത്തിൽ പഞ്ചാബിനെ വരിഞ്ഞു കെട്ടി സഞ്ജുവും കൂട്ടരും. ഇന്ന് ഒരു ഘട്ടത്തിൽ 70/5 എന്ന നിലയിൽ തകര്‍ന്ന പഞ്ചാബിനെ വാലറ്റത്തിൽ അശുതോഷ് ശര്‍മ്മ 16 പന്തിൽ 31 റൺസ് നേടിയാണ് 147/8 എന്ന സ്കോറില്‍ എത്തിച്ചത്. ജിതേഷ് ശര്‍മ്മ 29 റൺസും ലിയാം ലിവിംഗ്സ്റ്റൺ 21 റൺസും നേടി അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തി.

Ashutoshsharma

മത്സരത്തിൽ രാജസ്ഥാന്‍ റോയൽസ് ആണ് ടോസ് നേടിയത്. അഥര്‍വ തായ്ഡേ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും താരത്തെ പുറത്താക്കി അവേശ് ഖാന്‍ പഞ്ചാബിന് ആദ്യ പ്രഹരം ഏല്പിച്ചു. പ്രഭ്സിമ്രാന്‍ സിംഗിനെ ചഹാൽ പുറത്താക്കിയപ്പോള്‍ അധികം വൈകാതെ ജോണി ബൈര്‍സ്റ്റോയെ പുറത്താക്കി കേശവ് മഹാരാജ് രാജസ്ഥാന് മൂന്നാം വിക്കറ്റ് നൽകി.

പഞ്ചാബ് നായകന്‍ സാം കറന്‍ കേശവ് മഹാരാജിന്റെ ഇരയായപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് 53/4 എന്ന സ്കോറാണ് നേടിയത്. ശശാങ്ക് സിംഗിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പഞ്ചാബ് 70/5 എന്ന നിലയിലായിരുന്നു. 16ാം ഓവറിൽ കുൽദീപ് സെന്നിനെതിരെ ജിതേഷ് ശര്‍മ്മയും ലിയാം ലിവിംഗ്സ്റ്റണും തകര്‍ത്തടിച്ചപ്പോള്‍ ഓവറിൽ നിന്ന് 17 റൺസ് പിറന്നു. ഇതോടെ പഞ്ചാബിന്റെ സ്കോര്‍ നൂറ് കടന്നു.

എന്നാൽ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ജിതേഷ് ശര്‍മ്മയെ അവേശ് ഖാന്‍ മടക്കിയയ്ക്കുകയായിരുന്നു. 24 പന്തിൽ 29 റൺസായിരുന്നു താരം നേടിയത്. അടുത്ത ഓവറിൽ റണ്ണൗട്ട് രൂപത്തിൽ ലിയാം ലിവിംഗ്സ്റ്റൺ പുറത്തായപ്പോള്‍ പഞ്ചാബിന് ഏഴാം വിക്കറ്റ് നഷ്ടമായി. 14 പന്തിൽ 21 റൺസാണ് ലിയാമിന്റെ സംഭാവന.

19ാം ഓവറിൽ അവേശ് ഖാനെ രണ്ട് സിക്സുകള്‍ പായിച്ച് അശുതോഷ് ശര്‍മ്മ പഞ്ചാബിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. 16 പന്തിൽ 31 റൺസ് നേടിയ താരം എട്ടാം വിക്കറ്റിൽ ഹര്‍പ്രീത് ബ്രാറിനെ കൂട്ടുപിടിച്ച് 13 പന്തിൽ 25 റൺസാണ് നേടിയത്. രാജസ്ഥാന് വേണ്ടി അവേശ് ഖാനും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റ് നേടി.