പഞ്ചാബിന് മുന്നിൽ റൺ മലയൊരുക്കി ഡൽഹി ക്യാപിറ്റൽസ്. റൈലി റോസ്സോവ്, പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഫിലിപ്പ് സാള്‍ട്ട് എന്നീ ടോപ് ഓര്‍ഡര്‍ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 213/2 എന്ന കൂറ്റന്‍ സ്കോറാണ് ഡൽഹി നേടിയത്. റോസ്സോവ് 37 പന്തിൽ 82 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ പൃഥ്വി ഷായും അര്‍ദ്ധ ശതകം നേടി. വാര്‍ണറും ഫിലിപ്പ് സാള്‍ട്ട് നിര്‍ണ്ണായക സംഭാവനകള്‍ നൽകി.
ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് എത്തിയ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് മിന്നും തുടക്കമാണ് ഡൽഹിയ്ക്കായി നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 94 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ സാം കറന്‍ ആണ് തകര്‍ത്തത്. 31 പന്തിൽ 46 റൺസ് നേടിയ വാര്‍ണറെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചാണ് സാം കറന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തത്.
വാര്‍ണറിന് പകരമെത്തിയ റൈലി റോസ്സോവും അടിച്ച് കളിച്ചപ്പോള്‍ ഡൽഹി ക്യാപിറ്റൽസ് കുതിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 13 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 125/1 എന്ന നിലയിലായിരുന്നു ഡൽഹി. മടങ്ങി വരവിൽ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചത് 36 പന്തിൽ നിന്നായിരുന്നു.
38 പന്തിൽ 54 റൺസ് നേടിയ പൃഥ്വി ഷായെയും സാം കറന്‍ പുറത്താക്കിയപ്പോള്‍ രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – റൈലി റോസ്സോവ് കൂട്ടുകെട്ട് 54 റൺസാണ് അതിവേഗത്തിൽ നേടിയത്. പൃഥ്വി പുറത്തായ ശേഷം റോസ്സോവ് തന്റെ അര്‍ദ്ധ ശതകം 25 പന്തിൽ നിന്ന് പൂര്‍ത്തിയാക്കി.
6 സിക്സും 6 ഫോറും നേടിയ റൈലി റോസ്സോവ് 37 പന്തിൽ 82 റൺസാണ് നേടിയത്. ഫിലിപ്പ് സാള്‍ട്ട് 14 പന്തിൽ 26 റൺസ് നേടി.