“ഈ സീസണിൽ ആർ.സി.ബി ഐ.പി.എൽ പ്ലേഓഫ് കളിക്കും”

Staff Reporter

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഈ സീസണിൽ ഉറപ്പായും പ്ലേഓഫ് കളിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ടൂർണമെന്റിലെ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ആർ.സി.ബി മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു. വിരാട് കോഹ്‌ലിയും ഗ്ലെൻ മാക്‌സ്‌വെല്ലും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ബാറ്റ് കൊണ്ട് മാക്‌സ്‌വെൽ എത്ര വിനാശകാരിയാണെന്ന് എല്ലാവർക്കും അറിയാമെന്നും ശാസ്ത്രി പറഞ്ഞു.

ഇത്തവണത്തെ ഐ.പി.എൽ കിരീടം ഒരു പുതിയ ടീം നേടുമെന്നാണ് താൻ കരുതുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ കിങ്‌സിനോട് 23 റൺസിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തോറ്റെങ്കിലും അതിന് മുൻപുള്ള മൂന്ന് മത്സരങ്ങൾ ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് തോറ്റെങ്കിലും തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് എന്നിവരെയാണ് ആർ.സി.ബി പരാജയപ്പെടുത്തിയത്.