ഐപിഎലില്‍ എലിമിനേറ്ററിൽ കാലിടറി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ആര്‍സിബിയുടെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ലക്നൗവിന് വേണ്ടി കെഎൽ രാഹുലും ദീപക് ഹൂഡയും പ്രതീക്ഷ തന്ന കൂട്ടുകെട്ടുമായി നിലയുറപ്പിച്ചുവെങ്കിലും അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയിട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 14 റൺസിന്റെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ക്വിന്റൺ ഡി കോക്കിനെയും മനന്‍ വോറയെയും(11 പന്തിൽ 19) വേഗത്തിൽ നഷ്ടമായ ശേഷം കെഎൽ രാഹുലും ദീപക് ഹൂഡയും ചേര്‍ന്നാണ് കൂറ്റന്‍ സ്കോറിന്റെ ചേസിംഗിൽ ലക്നൗവിന്റെ സാധ്യത നിലനിര്‍ത്തിയത്. ഇരുവരും വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ 96 റൺസാണ് ആ കൂട്ടുകെട്ട് 61 പന്തിൽ നേടിയത്.
26 പന്തിൽ 45 റൺസ് നേടിയ ഹൂഡയെ വനിന്‍ഡു ഹസരംഗ പുറത്താക്കിയ ശേഷം 18 പന്തിൽ 41 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. ക്രീസിൽ ക്യാപ്റ്റന്‍ കെഎൽ രാഹുലിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ് ആയിരുന്നു ഒപ്പമുണ്ടായിരുന്നത്.
ഹര്‍ഷൽ പട്ടേൽ ആ ഓവറിൽ സ്റ്റോയിനിസിനെ പുറത്താക്കിയപ്പോള്‍ 12 പന്തിൽ നിന്ന് 33 റൺസായി ലക്ഷ്യം മാറി. 79 റൺസ് നേടിയ കെഎൽ രാഹുലിനെ ഹാസൽവുഡ് പുറത്താക്കിയതോടെ 8 പന്തിൽ 28 റൺസെന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു ലക്നൗവിന് മുന്നിൽ. അടുത്ത പന്തിൽ ക്രുണാൽ പാണ്ഡ്യയും പുറത്തായതോടെ അവസാന ഓവറിൽ 24 റൺസെന്ന വലിയ ലക്ഷ്യം നേടേണ്ട സ്ഥിതിയിലായി ലക്നൗ.
ലക്നൗ ഇന്നിംഗ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസില്‍ അവസാനിച്ചപ്പോള്‍ രാജസ്ഥാനുമായുള്ള അടുത്ത അംഗത്തിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അവസരം ലഭിച്ചു.