കൊൽക്കത്തയിൽ നടന്ന ത്രില്ലറിൽ RCB-ക്ക് പരാജയം. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ 1 റൺസിന്റെ പരാജയം ആണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വഴങ്ങിയത്. 223 എന്ന വലിയ റൺ ചെയ്സ് ചെയ്ത RCB-ക്ക് 221 റൺസ് എടുക്കാൻ ആയി. അവസാന ഓവറിൽ 21 റൺസ് വേണ്ടിയിരുന്ന RCB 19 റൺസ് ആണ് അടിച്ചത്. ആർ സി ബിയുടെ സീസണിലെ 8 മത്സരങ്ങൾക്ക് ഇടയിലെ ഏഴാം തോൽവിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ചാം വിജയവും.
ഇന്ന് വിരാട് കോഹ്ലി ആദ്യ ഓവറുകളിൽ ആക്രമിച്ചു തുടങ്ങി എങ്കിലും 18 റൺസ് എടുത്തു നിൽക്കെ ഒരു ബീമറിൽ കോഹ്ലി ഔട്ട് ആയി. ഹർഷിത് റാണ ആയിരുന്നു കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനു പിന്നാലെ 7 റൺ എടുത്ത ഡുപ്ലസിസും പുറത്തായി. ഇതിനു ശേഷം വിൽ ജാക്സും രജത് പടിദാറും ചേർന്ന് ചെയ്സ് മുന്നോട്ട് നയിച്ചു.
രജത് പടിദാർ 23 പന്തിൽ നിന്ന് 52 റൺസ് അടിച്ചു. 5 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വിൽ ജാക്സ് 32 പന്തിൽ 55 റൺസും എടുത്തു. 12ആം ഓവറിൽ റസൽ പന്തെറിയാൻ എത്തി 4 ബോളുകൾക്ക് ഇടയിൽ രണ്ടു പേരെയും പുറത്താക്കി.
പിന്നാലെ 6 റൺസ് എടുത്ത ഗ്രീനിനെയും 4 റൺസ് എടുത്ത് ലോമ്രോറിനെയും നരൈനും പുറത്താക്കി. ഇതിനു ശേഷം കാർത്തികും പ്രഭുദേസായിയും ഒരുമിച്ചു. അവസാന 4 ഓവറിൽ 42 റൺസ് ആയിരുന്നു RCB-ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അത് 3 ഓവറിൽ 37 ആയി. 18ആം ഓവറിൽ ഹർഷിത് പ്രഭുദേശായിയെ പുറത്താക്കി. 18 പന്തിൽ 24 റൺസ് ആണ് താരം എടുത്തത്. ആ ഓവറിൽ ആകെ വന്നത് 6 റൺസ്. അവസന 2 ഓവറിൽ ആർ സി ബിക്ക് വേണ്ടത് 31 റൺസ്.
ദിനേഷ് കാർത്തികിന്റെ പതിവ് ഫിനിഷിംഗ് ഇന്ന് ഉണ്ടായില്ല. റസലിന്റെ 19ആം ഓവറിൽ 10 റൺസേ താരം അടിച്ചുള്ളൂ. ഒപ്പം അവസാന പന്തിൽ പുറത്താവുകയും ചെയ്തു. അവസാന ഓവറിൽ RCB-ക്ക് വേണ്ടത് 21 റൺസ്.
സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കരൺ ശർമ്മ സിക്സ് അടിച്ചു. 5 പന്തിൽ നിന്ന് 15 റൺസ്. അടുത്ത പന്തിൽ റൺ വന്നില്ല. ജയിക്കാൻ 4 പന്തിൽ 15 റൺസ്. മൂന്നാം പന്തിൽ വീണ്ടും കരൺ സിക്സ് അടിച്ചു. 3 പന്തിൽ 9 റൺസ് ആയി ടാർഗറ്റ് കുറഞ്ഞു. നാലാം പന്തിലും കരണിന്റെ സിക്സ്. ജയിക്കാൻ 2 പന്തിൽ 3 റൺസ്. അടുത്ത പന്തിൽ കരൺ ശർമ്മ സ്റ്റാർകിന് ക്യാച്ച് കൊടുത്ത് പുറത്ത്. അവസാന പന്തിൽ ജയിക്കാൻ 1 പന്തിൽ 3 റൺസ്. 7 പന്തിൽ 20 റൺസ് ആണ് കരൺ ശർമ്മ അടിച്ചത്.
ഫെർഗൂസൺ അവസാന പന്തിൽ സ്റ്റാർക്കിനെ അടിച്ച് 2 ഓടി. ഇഞ്ചുകളുടെ വ്യത്യാസത്തിൽ രണ്ടാം റൺ ഓടുന്നതിനെ ഫെർഗൂസൺ ഔട്ട് ആയി. കെ കെ ആറിന് ഒരു റൺ വിജയം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആർ സി ബിക്കെതിരെ 20 ഓവറിൽ 222 റൺസ് ആണ് എടുത്തത്. ഫിൽ സാൾട്ടിന്റെയും ശ്രേയസ് അയ്യറിന്റെയും ഇന്നിംഗ്സുകളാണ് കൊൽക്കത്തക്ക് കരുത്തായത്.
തുടക്കത്തിൽ സാൾട്ട് 14 പന്തിൽ 48 റൺസ് അടിച്ചു മികച്ച തുടക്കമാണ് കെ കെ ആറിന് നൽകിയത്. അവർ പവർപ്ലെയിൽ 75 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ സാൾട്ടിന്റെ വിക്കറ്റ് പോയതോടെ കെ കെ ആർ റൺറേറ്റ് കുറഞ്ഞു തുടങ്ങി. അവസാന മത്സരങ്ങളിലെ ഹീറോ ആയ നരൈൻ ഇന്ന് കാര്യമായി ബാറ്റ് കൊണ്ട് തിളങ്ങാനായില്ല. വൈഡ് യോർക്കറുകളും ഇൻസ്വിംഗ് യോർക്കറും എറിഞ്ഞ് നരൈനെ പിടിച്ചു കെട്ടാൻ ആർ സി ബി ബോളർമാർക്കായി. 15 പന്തിൽ നിന്ന് 10 റൺസ് മാത്രമേ നരൈൻ എടുത്തുള്ളൂ.
മൂന്ന് റൺസെടുത്ത രഗുവൻഷി, 16 എടുത്ത വെങ്കിടേഷ് അയ്യർ, 24 റൺസ് എടുത്ത റിങ്കു സിങ് എന്നിവരും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ശ്രേയസും റസ്സലും ചേർന്ന് കൊൽക്കത്തയെ 200ലേക്ക് അടുപ്പിച്ചു. ശ്രേയസ് 36 പന്തിൽ നിന്ന് 50 റൺസ് എടുത്തു. 1 സിക്സും 7 ഫോറും ആണ് താരം അടിച്ചത്.
അവസാനം രമന്ദീപ് ഇറങ്ങി 9 പന്തിൽ 24 റൺസ് അടിച്ചു കൂട്ടി. റസൽ 20 പന്തിൽ 27 റൺസും എടുത്തു.