സഞ്ജുവിന് അര്‍ദ്ധ ശതകം!!! മതിയാകുമോ രാജസ്ഥാന് ഈ റൺസ്

ഐപിഎലില്‍ ഇന്ന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് രാജസ്ഥാന്‍ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ടീമിന് 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് മാത്രമാണ് നേടുവാനായത്. സഞ്ജു സാംസൺ 49 പന്തിൽ 54 റൺസ് നേടിയതൊഴിച്ചാൽ മറ്റു താരങ്ങള്‍ക്കാര്‍ക്കും ക്രീസിൽ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ വരുന്ന കാഴ്ചയാണ് വാങ്കഡേയിൽ കണ്ടത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ 13 പന്തിൽ 27 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ ആണ് ടീമിനെ 150 റൺസ് കടത്തിയത്.

Kolkataknightriders

മൂന്നാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെ നഷ്ടമായ ശേഷം സഞ്ജുവും ജോസ് ബട്‍ലറും ചേര്‍ന്ന് 48 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ജോസ് ബട്‍ലര്‍(22) ഇത്തവണയും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ താരം ഒരു സിക്സര്‍ നേടിയ ശേഷം വീണ്ടും അതാവര്‍ത്തിക്കുവാന്‍ ശ്രമിച്ചപ്പോള്‍ സൗത്തിയ്ക്ക് വിക്കറ്റ് നൽകി മടങ്ങി.

കരുൺ നായരും സഞ്ജുവും ചേര്‍ന്ന് 35 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ രാജസ്ഥാന്‍ ബുദ്ധിമുട്ടി. 13 റൺസ് നേടിയ കരുൺ നായരെ പുറത്താക്കി അനുകുൽ റോയ് തന്റെ ആദ്യ ഐപിഎൽ വിക്കറ്റ് നേടി. റിയാന്‍ പരാഗ് 12 പന്തിൽ 19 റൺസ് നേടി വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തിൽ സഞ്ജുവും വീണു. പരാഗിനെ സൗത്തിയും സഞ്ജുവിനെ ശിവം മാവിയും ആണ് പുറത്താക്കിയത്.

ടിം സൗത്തി എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും വൈഡുകളും എല്ലാം ലഭിച്ചപ്പോള്‍ 20 റൺസാണ് ഓവറിൽ നിന്ന് വന്നത്. ഹെറ്റ്മ്യറും അശ്വിനും ചേര്‍ന്ന് ആറാം വിക്കറ്റിൽ 18 പന്തിൽ 37 റൺസ് നേടിയാണ് സഞ്ജു പുറത്താകുമ്പോള്‍ 115/5 എന്ന നിലയിലായിരുന്ന രാജസ്ഥാനെ 152 റൺസിലേക്ക് എത്തിച്ചത്.

Shimronhetmyer

കൊല്‍ക്കത്തയ്ക്കായി തന്റെ അവസാന ഓവറിൽ 20 റൺസ് വഴങ്ങിയെങ്കിലും ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. ശിവം മാവി, അനുകുൽ റോയ്, ഉമേഷ് യാദവ് എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും സുനിൽ നരൈന്‍ വെറും 19 റൺസ് ആണ് തന്റെ സ്പെല്ലിൽ വിട്ട് നൽകിയത്.