സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയില്‍ റഷീദ് ഖാനെന്ന സ്പിന്‍ മാന്ത്രികന്റെ സാന്നിദ്ധ്യാണ് അവരുടെ ബൗളിംഗ് നിരയെ കരുത്തരാക്കുന്നത്. ഇന്നലെ തന്റെ നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ റഷീദ് ഖാന് എന്നാല്‍ അത്ര മികച്ച മത്സരമായിരുന്നില്ല. കണക്കുകള്‍ അതല്ല സൂചിപ്പിക്കുന്നതെങ്കിലും താരം എറിഞ്ഞ 18ാം ഓവറില്‍ 14 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.
റഷീദ് ഖാനെ തുടരെ മൂന്ന് ബൗണ്ടറികള്‍ക്ക് പായിച്ചാണ് തെവാത്തിയ മത്സരത്തിലേക്ക് രാജസ്ഥാനെ തിരികെ എത്തിക്കുന്നത്. മൂന്നോവറില്‍ 36 റണ്‍സെന്ന നിലയിലായിരുന്നു റഷീദ് ബൗള്‍ ചെയ്യാനെത്തുന്നതിന് മുമ്പ് രാജസ്ഥാന്റെ ലക്ഷ്യം.
താന്‍ റിയാന്‍ പരാഗിനോട് പറഞ്ഞത് റഷീദ് ഖാന് വേണ്ട ബഹുമാനം കൊടുക്കണമെന്നും അടിയ്ക്കേണ്ട പന്തുകള്‍ മാത്രം അടിയ്ക്കുകയാണെന്നുമായിരുന്നുവെന്നാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ തെവാത്തിയ വ്യക്തമാക്കിയത്.
താന്‍ പരിശീലന മത്സരങ്ങളിലും നെറ്റ്സിലുമെല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശുന്നുണ്ടെന്നും അതിനാല്‍ തന്നെ ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും രാഹുല്‍ തെവാത്തിയ സൂചിപ്പിച്ചു. റഷീദ് ഖാന്‍ എറിഞ്ഞ ഓവറില്‍ തനിക്ക് സ്ട്രൈക്ക് ലഭിയ്ക്കുകയാണെങ്കില്‍ താന്‍ ചാന്‍സ് എടുക്കാമെന്ന് റിയാനോട് പറഞ്ഞിരുന്നുവെന്നും താരം ആദ്യ പന്തില്‍ തന്നെ സിംഗില്‍ നേടിയെന്നും പിന്നീട് എല്ലാം തനിക്ക് അനുകൂലമായി മാറിയെന്നും രാഹുല്‍ തെവാത്തിയ അഭിപ്രായപ്പെട്ടു.