ഈ വർഷത്തെ ഐ.പി.എൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തരുതെന്ന് മുൻ ഇന്ത്യൻ താരം മദൻ ലാൽ. ഐ.പി.എൽ ഒരു വലിയ ടൂർണമെന്റ് ആണെന്നും കൊറോണ വൈറസ് നിയന്ത്രണ വിധേയമായതിന് ശേഷം മാത്രമേ ബോർഡിന് ഒരു തീരുമാനം എടുക്കാൻ കഴിയു എന്നും മദൻ ലാൽ പറഞ്ഞു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ടൂർണമെന്റ് നടത്താൻ ആരും റിസ്ക് എടുക്കില്ലെന്ന് മദൻ ലാൽ പറഞ്ഞു.
ഐ.പി.എൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നതിൽ ഒരു കാര്യവും ഇല്ലെന്നും ഇത് കളിക്കാരുടെയും കാണികളുടെയും കാര്യം മാത്രം അല്ലെന്നും മദൻ ലാൽ പറഞ്ഞു. ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രയും മത്സരം സംപ്രേഷണം ചെയ്യുന്ന ആളുകളും ഇതിൽ ഉൾപെടുന്നുണ്ടെന്നും മദൻ ലാൽ പറഞ്ഞു. നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധ ഇന്ത്യയിൽ പടർന്നതിനെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15ന് മത്സരം നടക്കാനുള്ള സാഹചര്യം വളരെ കുറവാണ്.