ശ്രീലങ്കയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ബി.സി.സി.ഐ. കഴിഞ്ഞ ദിവസം ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവ ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ നിലവിൽ കൊറോണ വൈറസ് മഹാമാരി പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു കാര്യം ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി. നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതിനെ പറ്റിയുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും കിട്ടിയില്ലെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.
നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15ലേക്കും തുടർന്ന് കേന്ദ്ര സർക്കാർ ലോക് ഡൗൺ നീട്ടിയതോടെ അനിശ്ചിതമായും ഐ.പി.എൽ നീട്ടിവെച്ചിരുന്നു. തുടർന്നാണ് ഇന്ത്യയേക്കാൾ വേഗത്തിൽ ശ്രീലങ്കയിൽ കൊറോണ വൈറസ് പടരുന്നത് തടയാനാവുമെന്നും അത് കൊണ്ട് ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന നിർദേശവുമായി ഷമ്മി സിൽവ രംഗത്തെത്തിയത്.