കൊറോണ വൈറസ് ബാധ മൂലം അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ന്യൂസിലാൻഡും. നേരത്തെ ശ്രീലങ്കയും യു.എ.ഇയും ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ തയ്യാറായി രംഗത്ത് വന്നിരുന്നു. ഈ വർഷം ഒക്ടോബർ – നവംബറിൽ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ചാൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമം ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.
ഇന്ത്യയിൽ വെച്ച് തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനാണ് ബി.സി.സി.ഐയുടെ പ്രഥമ പരിഗണനയെങ്കിലും ഇന്ത്യയിൽ കൊറോണ വൈറസ് പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് ഐ.പി.എൽ നടക്കാനുള്ള സാധ്യത കുറവാണ്. ഇതോടെയാണ് ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്ത് വെച്ച് ഐ.പി.എൽ നടത്താനുള്ള ശ്രമങ്ങൾ ബി.സി.സി.ഐ നടത്തുന്നത്.
ടൂർണമെന്റുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്തതിന് ശേഷം ടൂർണമെന്റിന്റെ ഭാവി തീരുമാനിക്കുമെന്നും താരങ്ങളുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു.