ധോണി തന്റെ “ഗോ ടു മാന്‍”, താരത്തില്‍ നിന്ന് ഏറെ താന്‍ പഠിച്ചിട്ടുണ്ട് – ഋഷഭ് പന്ത്

Sports Correspondent

എംഎസ് ധോണി തന്റെ ഗോ ടു മാന്‍ ആണെന്നും താന്‍ താരത്തില്‍ നിന്ന് വളരെ അധികം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത്. ചെന്നൈയ്ക്കെതിരെ ക്യാപ്റ്റനെന്ന നിലയില്‍ ഋഷഭ് പന്തിന്റെ ആദ്യ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പന്ത്.

ചെന്നൈയുടെ ഇന്നിംഗ്സിന്റെ മധ്യ ഘട്ടത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എന്നാല്‍ അവേശ് ഖാനും ടോം കറനും അവരെ 188 റണ്‍സില്‍ നിയന്ത്രിച്ച് ടീമിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും ഋഷഭ് പന്ത് പറഞ്ഞു. ടൂര്‍ണ്ണമെന്റിന്റെ ആരംഭ ഘട്ടത്തില്‍ ആയതിനാല്‍ തന്നെ റണ്‍ റേറ്റ് ലക്ഷ്യമാക്കിയുള്ള ബാറ്റിംഗ് അല്ല ടീം പുറത്തെടുത്തതെന്നും പൃഥ്വിയും ശിഖറും പവര്‍പ്ലേയില്‍ ടീമിന് മിന്നും തുടക്കം നല്‍കിയത് തുണയായി എന്നും ഡല്‍ഹി നായകന്‍ വ്യക്തമാക്കി.