2018ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്കേറ്റ് പുറത്തുപോയതിനെ തുടർന്ന് ഇൻഷുറൻസ് കമ്പനിക്കെതിരെ കൊടുത്ത കേസ് ഒത്തുതീർപ്പാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. 9.4 കോടി രൂപ കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് അന്ന് താരത്തെ സ്വന്തമാക്കിയത്. എന്നാൽ പരിക്കിനെ തുടർന്ന് കൊൽക്കത്തക്ക് വേണ്ടി ഒരു മത്സരം പോലും കളിക്കാൻ താരത്തിനായിരുന്നില്ല.
തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗുമായി കരാർ നഷ്ട്ടമായതിന് നഷ്ടപരിഹാരം തേടി മിച്ചൽ സ്റ്റാർക്ക് ഇൻഷുറൻസ് കമ്പനിയെ കഴിഞ്ഞ ഏപ്രിലിൽ സമീപിച്ചത്. എന്നാൽ ഇതുവരെ ഈ കാര്യത്തിൽ ഒരു ഒത്തുതീർപ്പിൽ എത്താൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നില്ല. തുടർന്ന് ഈ കേസ് പരിഗണിക്കാൻ 2 ദിവസം ബാക്കി നിൽക്കെയാണ് കമ്പനിയും മിച്ചൽ സ്റ്റാർക്കും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയത്. എന്നാൽ ഒത്തുതീർപ്പിന് വേണ്ടി എത്ര തുകയാണ് നൽകിയതെന്ന് ഇരു കൂട്ടരും വ്യക്തമാക്കിയിട്ടില്ല.