ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനായി തകര്‍ത്തടിച്ച് ഓപ്പണിംഗ് കൂട്ടുകെട്ട്. 122 റണ്‍സാണ് 12.4 ഓവറില്‍ മയാംഗ് അഗര്‍വാളും ലോകേഷ് രാഹുലും നേടിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളര്‍മാരെ നിലയുറപ്പിക്കുവാന്‍ അനുവദിച്ചില്ല. കൂടുതല്‍ അപകടകാരിയായത് മയാംഗ് അഗര്‍വാള്‍ ആയിരുന്നു.
36 പന്തില്‍ 69 റണ്‍സ് നേടിയ മയാംഗിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ഐപിഎല്‍ ആദ്യ മത്സരത്തില്‍ കളിക്കുന്ന ലുക്മാന് മെരിവാലയാണ് മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് നേടിയത്. മയാംഗ് പുറത്തായ ശേഷം രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. 51 പന്തില്‍ 61 റണ്‍സ് നേടിയ താരത്തെ കാഗിസോ റബാഡയാണ് പുറത്താക്കിയത്.
അവസാന ഓവറുകളില്‍ വിക്കറ്റുകളുമായി ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റുകള്‍ നേടിയെങ്കിലും ദീപക് ഹൂഡയും ഷാരൂഖ് ഖാനും ടീമിന്റെ സ്കോര്‍ 195 റണ്‍സിലേക്ക് എത്തിക്കുകയായിരുന്നു. ഹൂഡ 13 പന്തില്‍ 22 റണ്‍സും ഷാരൂഖ് ഖാന് 5 പന്തില്‍ 15 റണ്‍സുമാണ് നേടിയത്.