അർദ്ധ സെഞ്ച്വറി തന്റെ മരിച്ചുപോയ പിതാവിന് സമർപ്പിച്ച് മൻദീപ് സിംഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അർദ്ധ സെഞ്ച്വറി തന്റെ മരിച്ചുപോയ പിതാവിന് സമർപ്പിച്ച് കിങ്‌സ് ഇലവൻ ബാറ്റ്സ്മാൻ മൻദീപ് സിംഗ്. മത്സരത്തിൽ 56 പന്തിൽ 66 റൺസ് നേടിയ മൻദീപ് സിങ്ങും വെടിക്കെട്ട് പ്രകടനം നടത്തിയ ക്രിസ് ഗെയ്‌ലിന്റെയും പ്രകടനത്തിന്റെ പിൻബലത്തിൽ കിങ്‌സ് ഇലവൻ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 8 വിക്കറ്റിനാണ് കിങ്‌സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൻദീപ് സിംഗിന്റെ പിതാവ് മരിച്ചത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിലും താരം കളിച്ചിരുന്നു. കിങ്‌സ് ഇലവൻ പഞ്ചാബ് ഓപണർ മായങ്ക് അഗർവാളിനു പരിക്കേറ്റതോടെയാണ് കെ.എൽ രാഹുലിനൊപ്പം മൻദീപ് സിംഗ് ഓപ്പണിങ് ചെയ്യാൻ ഇറങ്ങിയത്. കൊൽക്കത്തക്കെതിരെയുള്ള ജയത്തോടെ കിങ്‌സ് ഇലവൻ പഞ്ചാബ് ഐ.പി.എൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു.