രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്, ചെന്നൈയ്ക്ക് തോൽവി സമ്മാനിച്ച് ലക്നൗ

Sports Correspondent

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തി കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് ചെന്നൈയെ ഒരു ഘട്ടത്തിൽ വരിഞ്ഞ് മുറുക്കിയെങ്കിലും എംഎസ് ധോണിയുടെ അവസാന ഓവറിലെ തീപ്പൊരി ബാറ്റിംഗ് ചെന്നൈയെ 176/6 എന്ന സ്കോറിലേക്ക് എത്തിച്ചുവെങ്കിലും ലക്നൗ ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം ടീമിനെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.  19 ഓവറിന്റെ അവസാന പന്തിൽ സ്കോറുകള്‍ ഒപ്പമെത്തി നിൽക്കുമ്പോള്‍ നിക്കോളസ് പൂരന്‍ ബൗണ്ടറി നേടിയാണ് ലക്നൗവിന്റെ വിജയം സാധ്യമാക്കിയത്.

Rahulquintondekock

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 54 റൺസാണ് ലക്നൗ നേടിയത്. ഇതിൽ 34 റൺസും കെഎൽ രാഹുലാണ് നേടിയത്. പതിരാന ക്വിന്റൺ ഡി കോക്കിന്റെ ക്യാച്ച് കൈവിട്ടപ്പോള്‍ 31 പന്തിൽ നിന്ന് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം നേടി. പത്തോവര്‍ പിന്നിടുമ്പോള്‍ 89 റൺസായിരുന്നു ലക്നൗ നേടിയത്. 41 പന്തിൽ ക്വിന്റൺ ഡി കോക്ക് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും അധികം വൈകാതെ താരം പുറത്തായി. 43 പന്തിൽ 54 റൺസായിരുന്നു ഡി കോക്ക് നേടിയത്.

53 പന്തിൽ 82 റൺസാണ് കെഎൽ രാഹുല്‍ നേടിയത്. ജയം 16 റൺസ് അകലെയുള്ളപ്പോളാണ് താരത്തെ മതീഷ പതിരാന പുറത്താക്കിയത്. അവസാന രണ്ടോവറിൽ 12 റൺസായിരുന്നു ലക്നൗ നേടേണ്ടിയിരുന്നത്. പൂരന്‍ 12 പന്തിൽ 23 റൺസും മാര്‍ക്കസ് സ്റ്റോയിനിസ് 7 പന്തിൽ 8 റൺസും നേടിയാണ് വിജയ സമയത്ത് ലക്നൗവിനായി ക്രീസിലുണ്ടായിരുന്നത്.