ഐപിഎലില്‍ വമ്പന്‍ സ്കോര്‍ പിറന്ന മറ്റൊരു മത്സരം കൂടി. ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ, അംഗ്കൃഷ് രഘുവംശി എന്നിവരുടെ ബാറ്റിംഗ് മികവിന്റെ ബലത്തിൽ 272 എന്ന വമ്പന്‍ സ്കോറാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
4.3 ഓവറിൽ 60 റൺസ് നേടിയ കൊൽക്കത്തയ്ക്ക് ഫിലിപ് സാള്‍ട്ടിനെ(18) നഷ്ടമായപ്പോള്‍ പിന്നീട് കണ്ടത് സുനിൽ നരൈന്റെ വെടിക്കെട്ട് പ്രകടനം ആണ് കണ്ടത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 88 റൺസ് പിറന്നപ്പോള്‍ നരൈന്‍ – അംഗകൃഷ് കൂട്ടുകെട്ട് 104 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.
12.3 ഓവറിൽ നരൈന്‍ പുറത്താകുമ്പോള്‍ 39 പന്തിൽ 85 റൺസ് ആണ് താരം നേടിയത്. 21 പന്തിൽ അദ്ദേഹം തന്റെ അര്‍ദ്ധ ശതകം നേടി. അംഗ്കൃഷ് രഘുവംശി 27 പന്തിൽ 54 റൺസ് നേടി പുറത്തായി. നരൈന്‍ 7 സിക്സും അംഗ്കൃഷ് 3 സിക്സും നേടിയപ്പോള്‍ അതിന് ശേഷം ആന്‍ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് കാണുന്നത്.
റസ്സലിനൊപ്പം റിങ്കു സിംഗ് 8 പന്തിൽ 26 റൺസ് നേടി അവസാന ഓവറുകളിൽ കൊൽക്കത്ത സ്കോറിന് വേഗത നൽകി. 19 പന്തിൽ 41 റൺസ് നേടി റസ്സല്‍ അവസാന ഓവറിൽ പുറത്തായി. ഇഷാന്ത് ശര്‍മ്മ തകര്‍പ്പന്‍ യോര്‍ക്കറിലൂടെയാണ് റസ്സലിനെ പുറത്താക്കിയത്. അതേ ഓവറിൽ തന്നെ രമൺദീപ് സിംഗിനെയും ഇഷാന്ത് പുറത്താക്കി.